കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും

Jaihind Webdesk
Tuesday, December 7, 2021

 

ന്യൂഡല്‍ഹി : കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ. പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്ത നിലനിൽക്കുന്നതായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു. നാളെ കർഷക സംഘടനകൾ വീണ്ടും യോഗം ചേരും. കർഷകർക്കെതിരെയെടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് വിവരം.

മുന്നോട്ടുവച്ച ആറ് ആവശ്യങ്ങളിൽ അംഗീകരിക്കാൻ കഴിയുന്നവ രേഖാമൂലം കേന്ദ്രസർക്കാർ കർഷകരെ അറിയിച്ചതോടെ സംയുക്ത കിസാൻ മോർച്ച യോഗം ചേർന്ന് സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്തു. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരം നൽകുമെന്നുള്ള ഉറപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ താങ്ങ് വിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യത്തിൽ വ്യക്തമായ ഉറപ്പ് നൽകിയില്ല. ലഖിപുർ ഖേരി കേസ് അടക്കമുള്ള കാര്യങ്ങളിലും കേന്ദ്രം മൗനം പാലിച്ചു. ഇതോടെ തൽക്കാലം സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കർഷ സംഘടനകൾ എത്തിച്ചേരുകയായിരുന്നു. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി അഞ്ചംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. നാളെ ചേരുന്ന കർഷക സംഘടനാ നേതാക്കളുടെ യോഗം കേന്ദ്രത്തിന്‍റെ നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്യും.

കർഷസംഘടനകളുടെ നാളത്തെ യോഗം ഏറെ നിർണായകമാണ്. ഒരു വർഷത്തിലേറെയായി നടക്കുന്ന കർഷക സമരത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന യോഗം കൂടിയാണ് നാളെത്തേത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും താങ്ങുവിലയ്ക്ക് നിയമ സംരക്ഷണം അടക്കമുള്ള ആറ് ആവശ്യങ്ങൾ ഉന്നയിച്ച് സമരവുമായി കർഷ സംഘടനകൾ മുന്നോട്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമരം അവാസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർണായക ഇടപെടൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യമായാണ് രേഖാമൂലമുളള ഉറപ്പ് കേന്ദ്രം കർഷകർക്ക് നൽകിയത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഇവ

  • സമഗ്രമായ ഉല്‍പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എംഎസ്പി എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും നിയമപരമായ അവകാശമാക്കണം.
  • കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ 2020/2021 പിന്‍വലിക്കുക.
  • ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ  വ്യവസ്ഥകള്‍ നീക്കംചെയ്യുക
  • ഡല്‍ഹി, ഹരിയാണ, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കുക.
  • ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.
  • പ്രക്ഷോഭത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കണം.