മഹാരാജ്ഗഞ്ച്/ഉത്തർപ്രദേശ്: ഏതെങ്കിലും വ്യക്തികൾ തമ്മിലല്ല, രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആദിവാസി, ദളിത്, പിന്നാക്ക, ദരിദ്രവിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഉന്നമനത്തിനായാണ് കോൺഗ്രസ് നിലകൊള്ളുന്നത്. എന്നാല്‍ ആർഎസ്എസിന്‍റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രം ഇവരെ അടിച്ചമർത്താന്‍ വേണ്ടിയുള്ളതാണ്. ഡബിൾ എഞ്ചിൻ സർക്കാർ എന്ന മോദിയുടെ അവകാശവാദം തകർന്നെന്നും ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.