മഴയ്ക്കാണത്രേ കുറ്റം; മഴയെ തുടര്‍ന്ന് വയല്‍ ഉള്‍പ്പെട്ട ഭൂമി വികസിച്ചതാണ് അപകട കാരണമെന്ന് വിശദീകരണം

Jaihind News Bureau
Wednesday, May 21, 2025

ദേശീയ പാത തകര്‍ന്നുണ്ടായ അപകടത്തില്‍ ഇപ്പോള്‍ പഴി മുഴുവന്‍ മഴയ്്ക്കാണ്. മലപ്പുറം കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിലാണ് ഇപ്പോള്‍ മഴയ്ക്ക് കുറ്റം ചാര്‍ത്തിയുള്ള വിശദീകരണം വന്നിരിക്കുന്നത്. അപകടം വിലയിരുത്താന്‍ മലപ്പുറം ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ എന്‍എച്ച്എഐ നല്‍കിയ വിശദീകരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. മഴയെ തുടര്‍ന്ന് വയല്‍ ഉള്‍പ്പെട്ട ഭൂമി വികസിച്ചതാണ് അപകട കാരണമെന്നാണ് ഇവരുടെ ന്യായം. അന്വേഷണത്തിന് മൂന്നംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. ഈ സംഘം നാളെ സ്ഥലം സന്ദര്‍ശിക്കും. നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മഴക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ മരണക്കെണികളായി കേരളത്തിലെ ദേശീയ പാതകള്‍ മാറി. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാടിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന 66 ന്റെ ഒരു ഭാഗം തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് അപകടത്തിലേക്ക് നയിച്ചത്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായിരുന്നു. നിര്‍മ്മാണ ചുമതലയുള്ള കരാര്‍ കമ്പനികളുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായത്.