കെട്ടിട നമ്പർ നല്‍കാമെന്ന് സമ്മതിച്ച് പഞ്ചായത്ത് അധികൃതർ; റോഡില്‍ കിടന്നുള്ള സമരം അവസാനിപ്പിച്ച് പ്രവാസി വ്യവസായി

Jaihind Webdesk
Tuesday, November 7, 2023

 

കോട്ടയം: മാഞ്ഞൂരിൽ കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് പഞ്ചായത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയ പ്രവാസി സമരം അവസാനിപ്പിച്ചു. മാഞ്ഞൂർ സ്വദേശി ഷാജിമോന്‍ ജോർജാണ് തന്‍റെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഇന്ന് രാവിലെ മുതൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ഒടുവിൽ മോൻസ് ജോസഫ് എംഎൽഎയുടെ ഇടപെടലിലെ തുടർന്ന് ജില്ലാ പ്രശ്നം പരിഹാര സമിതി പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഷാജിമോൻ സമരം അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് പ്രവാസി വ്യവസായി മാഞ്ഞൂർ സ്വദേശി ഷാജിമോൻ ജോർജ് തൻറെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണയുമായി രംഗത്തെത്തിയത്.25 കോടി ചെലവഴിച്ച സ്പോർട്ടിംഗ് ക്ലബ് പദ്ധതിക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെയായിരുന്നു സമരം. വ്യവസായിയുടെ പരാതിയിൽ നേരത്തെ കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി കേസിൽ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് വ്യവസായി ഷാജിമോൻ ജോർജ് ആരോപിച്ചു.

2020-ൽ ആയിരുന്നു ബിസ്സാ ക്ലബ് ഹൗസ് സ്പോർട്സ് വില്ലേജ് എന്ന ഷാജിമോന്‍റെ ആറു നില കെട്ടിടത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ആദ്യം നാലു നിലയായിരുന്ന കെട്ടിടം പിന്നീട് ആറു നിലയാക്കാൻ തീരുമാനിച്ചപ്പോൾ അതിന്‍റെ പെർമിറ്റിനായി മാഞ്ഞൂർ പഞ്ചായത്തിൽ രേഖകളുമായി എത്തിയ ഷാജിമോനോട് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഷാജിമോൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ അറസ്റ്റിനു പിന്നാലെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഷാജിമോന്‍റെ പെർമിറ്റ് അധികൃതർ നൽകി. എന്നാൽ കെട്ടിടത്തിന്‍റെ പണി പൂർണ്ണമായും പൂർത്തിയായിട്ടും ഇതുവരെ കെട്ടിട നമ്പർ നൽകാൻ പഞ്ചായത്ത് അധികൃതർ തയാറായില്ല. പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതിലുള്ള പഞ്ചായത്ത് അധികൃതരുടെ പ്രതികാര നടപടിയാണ് ഇതെന്ന് ഷാജിമോൻ ആരോപിച്ചു. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധവുമായി എത്തിയ ഷാജിമോന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.

സംഭവത്തിൽ എംഎൽഎ ഇടപെട്ടതോടെ ജില്ലാ പ്രശ്നപരിഹാര സമിതി പഞ്ചായത്ത് അധികൃതരുമായി ഉച്ചകഴിഞ്ഞ് ചർച്ച നടത്തി. ഒടുവിൽ മൂന്ന് രേഖകൾ ഹാജരാക്കിയാൽ കെട്ടിട നമ്പർ അനുവദിക്കാൻ തയാറാണ് എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എന്നാൽ പഞ്ചായത്ത് ആവശ്യപ്പെടുന്ന രേഖകളിൽ രണ്ടെണ്ണം തന്‍റെ കയ്യിൽ ഉണ്ടെന്നും ഇതുവരെ 36 രേഖകളാണ് ഇവർ ആവശ്യപ്പെട്ടത് എന്ന് ഷാജിമോൻ പറഞ്ഞു. കെട്ടിട നമ്പർ അനുവദിക്കാൻ പഞ്ചായത്ത് അധികൃതർ സമ്മതിച്ചതോടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധ ധർണ്ണ ഷാജിമോൻ അവസാനിപ്പിക്കുകയായിരുന്നു. വർഷങ്ങളായി എൽഡിഎൽ ഭരിക്കുന്ന പഞ്ചായത്ത് ആണ് മാഞ്ഞൂർ പഞ്ചായത്ത്. വ്യവസായ സംരംഭങ്ങളെ ചേർത്തുനിർത്തുമെന്ന് വാതോരാതെ സംസാരിക്കുന്നവർ തന്നെയാണ് ഇപ്പോൾ വ്യവസായികളുടെ അന്നംമുടക്കികളായി എത്തുന്നതും.