മദ്യശാല അഴിമതിയില്‍ കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, എക്സൈസ് മന്ത്രി പറയുന്നത് പച്ചക്കള്ളം; വി.ഡി.സതീശന്‍

Jaihind News Bureau
Thursday, February 6, 2025


തിരുവനന്തപുരം : എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച കാതലായ ചോദ്യങ്ങള്‍ക്കൊന്നും എക്സൈസ് മന്ത്രിക്ക് മറുപടിയില്ല. മന്ത്രി പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളമായിരുന്നു എന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 2023 നവംബര്‍ 30 ന് ഒയാസിസ് കമ്പനി സര്‍ക്കാരിന് ഒരു അപേക്ഷ നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ 2023 ജൂണ്‍ 16-ന് ഇതേ കമ്പനി ജല അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സര്‍ക്കാരിന്റെ ക്ഷണമുണ്ടെന്നാണ്. 2022-ല്‍ തന്നെ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. സ്ഥലം വാങ്ങിയതിനു ശേഷമാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് വേണ്ടി മദ്യനയം തന്നെ മാറ്റിയത്. മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ കമ്പനിയെ സര്‍ക്കാര്‍ ക്ഷണിക്കുകയും ചെയ്തു. മദ്യനിര്‍മ്മാണ ശാല തുടങ്ങുന്ന വിവരം പാലക്കാട് ജില്ലയിലെ ഒരു ഡിസ്റ്റിലറിയും അറിയാതെയാണ് മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന കമ്പനി മാത്രം അറിഞ്ഞുവെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഈ കമ്പനിയെ ക്ഷണിച്ച് വരുത്തുകയായിരുന്നു.

അതെസമയം കേന്ദ്ര സര്‍ക്കാരും ഐ.ഒ.സിയും അംഗീകരിച്ച കമ്പനി ആയതു കൊണ്ടാണ് ഒയാസിസിന് മദ്യശാല നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞതും പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാനാണ് സര്‍ക്കാര്‍ തങ്ങളെ ക്ഷണിച്ചു എന്ന് പറഞ്ഞ് ഒയാസിസ് ജല അതോറിട്ടിയുടെ കത്ത് വാങ്ങിയത്. ഈ കത്ത് ഉപയോഗിച്ചാണ് ഐ.ഒ.സിയുടെ അംഗീകാരം ഈ കമ്പനി വാങ്ങിയെടുത്തത്. മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ ഈ കമ്പനിയെ സര്‍ക്കാര്‍ ക്ഷണിക്കുമ്പോള്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ ഐ.ഒ.സിയുടെയോ അനുമതി ഉണ്ടായിരുന്നില്ല. അപേക്ഷ നല്‍കിയ അന്നു തന്നെ ജല അതോറിട്ടി കത്ത് നല്‍കുകയും ചെയ്തു. മന്ത്രി പണിതുയര്‍ത്തിയ നുണയുടെ ചീട്ടുകൊട്ടാരമാണ് ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേര്‍ത്തു.