കണ്ണൂര്‍: ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ഇ.പി. ജയരാജന്‍ പാര്‍ട്ടി പരിപാടികളെല്ലാം ഒഴിവാക്കി പ്രതിഷേധിക്കുന്നു. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. പാര്‍ട്ടി പരിപാടികള്‍ക്കൊന്നും പങ്കെടുക്കില്ലെന്ന നിലപാടിലാണ്. ഏറ്റവുമൊടുവിൽ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്നാണ് ഇ.പി ജയരാജൻ വിട്ടുനിന്നത്.
പയ്യാമ്പലത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഇ.പി. പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിബി അംഗമായ എം. വിജയരാഘവന്‍ അടക്കം പങ്കെടുത്ത പരിപാടിയില്‍ ഇ.പി. എത്തിയില്ല. ഇ.പിയെ അനുനയിപ്പിക്കാനുള്ള ഒരു ശ്രമവും സിപിഎമ്മില്‍ നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന ഇ.പിയെ നീക്കിയത്. ജയരാജനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പിക്ക് ജാഗ്രത ഉണ്ടായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. നിലപാടിൽ പിണറായിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു.
ഈ സംഭവത്തിനുശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചാണ് ഇ.പി മടങ്ങിയത്. ഈ വിഷയത്തില്‍ ഒരു പ്രതികരണം ഇ.പിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആത്മകഥ എഴുതി ഇക്കാര്യം വ്യക്തമാക്കുമെന്നാണ് ഇ.പി. പ്രഖ്യാപിച്ചിരിക്കുന്നത്.