തിരുവനന്തപുരം: ദേശീയ പാതയിൽ കഴക്കൂട്ടത്ത് ട്രാൻസ്ഫോർമർ റോഡിലേക്ക് ചരിഞ്ഞു വീണു. കുടിവെള്ള പൈപ്പ് പൊട്ടിയാണ് കെഎസ്ഇബി (KSEB) ട്രാൻസ്ഫോമർ റോഡിലേക്ക് വീണത്. ദേശീയപാതാ നിർമ്മാണത്തിനുവേണ്ടി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് മറിഞ്ഞുവീണത്. പൈപ്പ് പൊട്ടി തറ കുതിർന്നതോടെ ട്രാന്‍സ്ഫോർമർ ചരിഞ്ഞുവീഴുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ട്രാന്‍സ്ഫോർമർ സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. ഇതോടെ ദേശീയ പാതയിൽ കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം തടസപ്പെട്ടു. ട്രാൻസ്ഫോർമർ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലേക്ക് വെള്ളമെത്തിക്കാന്‍ പുതുതായി സ്ഥാപിച്ച 250 മില്ലീമീറ്റര്‍ ജിഐ പൈപ്പും 160 മില്ലീമീറ്റര്‍ പിവിസി പൈപ്പുമാണ് പൊട്ടിയത്.