അഴിമതിക്കേസില്‍ യു പ്രതിഭ കുറ്റക്കാരിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടും നാല് വര്‍ഷമായി നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍. പ്രതിഭ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ജെന്‍ഡര്‍ പാര്‍ക്ക് നിര്‍മ്മാണത്തിലൂടെ 63.82 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇതിനെതിരെ രണ്ടാം പ്രതി സാങ്കേതികത്വം പറഞ്ഞ് വാങ്ങിയ സ്റ്റേയുടെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ പ്രതിപഭ ഹരിയെ സംരക്ഷിക്കുന്നത്. വിജിലന്‍സ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ സ്വന്തം പാര്‍ട്ടി എം.എല്‍.എയെ വര്‍ഷങ്ങളായി സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അതേ വിജിലന്‍സിനെ ഉപയോഗിച്ച് കെ.എം ഷാജിക്കെതിരെ പ്രതികാരം തീര്‍ക്കുന്നത്.
2012 ല്‍ യു പ്രതിഭ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന വേളയില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാക്ഷേമ ജെന്‍ഡര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി ലക്ഷങ്ങള്‍ കൈക്കലാക്കിയെന്ന കേസിലാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. പാര്‍ക്കിനായി 60 സെന്‍റ് വസ്തു വാങ്ങാനായിരുന്നു പഞ്ചായത്തിന്‍റെ തീരുമാനം. എന്നാല്‍ ജില്ലാ ആസൂത്രണ പദ്ധതികള്‍ സര്‍ക്കാര്‍ അനുമതിയോടെ നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്തതിനാല്‍ കളക്ടറുടെ മൂല്യനിര്‍ണയം നിര്‍ബന്ധമായും വാങ്ങണമെന്ന നിബന്ധന ഉണ്ടായിരുന്നതിനാല്‍ വസ്തുവിന് 3 കോടി 42 ലക്ഷത്തി 82 ആയിരം രൂപയായി കളക്ടര്‍ മുല്യ നിര്‍ണയം നടത്തി.
എന്നാല്‍ വിപണി വില മൂല്യനിര്‍ണയത്തെക്കാള്‍ കൂടുതലാണെന്നിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ 30 ശതമാനം അധിക നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. അങ്ങനെയെങ്കില്‍ 5 കോടി 36 ലക്ഷത്തി 14 ആയിരത്തി 173 രൂപ സ്ഥലമുടമയ്ക്ക് നല്‍കി ഭൂമി വാങ്ങാമെന്നിരിക്കെ 6 കോടി രൂപ വകയിരുത്തിയാണ് പഞ്ചായത്ത് ഭൂമി വാങ്ങിയത്. ഇതിലൂടെ 64 ലക്ഷത്തോളം രൂപയാണ് പ്രസിഡന്‍റ് യു പ്രതിഭയും പഞ്ചായത്ത് സെക്രട്ടറിയും കൈവശപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.പി.ഐ പ്രതിനിധിയുമായ തമ്പി മേട്ടുത്തറയുടെ പരാതി മൂലം കോട്ടയം മുന്‍സിപ്പല്‍ കോടതിയില്‍ യു പ്രതിഭയെയും സെക്രട്ടറി എസ്.വി കലേശനെയും പ്രതിയാക്കി വിചാരണ തുടങ്ങി. എന്നാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന സങ്കേതിക തടസം ഉന്നയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2016 കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഇതുകഴിഞ്ഞ് ഇപ്പോള്‍ നാല് വര്‍ഷം പിന്നിടുന്നു. ഈ നാലു വര്‍ഷത്തിനിടെ ഹൈക്കോടതിയുടെ സ്‌റ്റേ മാറ്റുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്‍റെയോ വിജിലന്‍സിന്‍റെയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കെ.എം ഷാജിക്കെതിരെ ഇല്ലാ കഥ മെനഞ്ഞ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ വിജിലന്‍സ് കുറ്റക്കാരിയെന്ന് കണ്ടെത്തിയ സ്വന്തം പാര്‍ട്ടി എം.എല്‍.എയെ വര്‍ഷങ്ങളായി സംരക്ഷിക്കുന്നതിന്‍റെ ചിത്രമാണ് ഇതിലൂടെ തെളിയുന്നത്.
https://www.facebook.com/JaihindNewsChannel/videos/700777500727792/