പാലക്കാട്: മുതിര്‍ന്ന സി പി എം നേതാക്കളായ എന്‍ എന്‍ കൃഷ്ണ ദാസ്, പി കെ ശശി എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും അച്ചടക്ക നടപടിയുമായി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന എന്‍ എന്‍ കൃഷ്ണദാസിന്റ പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. പി.കെ ശശിയെ സി ഐ ടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ഒഴിവാക്കി.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍.എന്‍.കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ജിലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ‘ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെ’ന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. നീല പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താന്‍ തയാറായില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ വിമര്‍ശിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ എന്‍.എന്‍ കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമര്‍ശനം. പാര്‍ട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളില്‍ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എന്‍ മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റാകും. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്.