പാലക്കാട് : പാലക്കാട് സി പി എമ്മില്‍ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാര്‍ട്ടിയില്‍ കടുത്ത അവഗണനയാണെന്നും ആരോപിച്ച് പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടു. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമായിരുന്നു ഷുക്കൂര്‍. സിപിഎമ്മിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ആളാണ് താന്‍. ഒരു ചവിട്ടിത്താഴ്ത്തല്‍ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ട്. പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന ഒരു യോഗത്തില്‍വെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നില്‍ക്കാന്‍ ആവാത്തതിനാല്‍ ഇന്നലയോടെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനപ്പിച്ചുവെന്നും അബ്ദുള്‍ ഷുക്കൂര്‍ വ്യക്തമാക്കി.
അതേസമയം, ഷുക്കൂറിനെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സിപിഐഎമ്മും. ബന്ധുക്കളെ കാണാന്‍ സിപിഐഎം നേതാക്കള്‍ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂറിന്റെ വീട്ടില്‍ എന്‍ എന്‍ കൃഷ്ണദാസ് അടക്കമുള്ളവരെത്തി ബന്ധുക്കളുമായി സംസാരിച്ചു.ഷുക്കൂറിന് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന. ഇവരെ തടഞ്ഞുനിര്‍ത്താനുള്ള നീക്കത്തിലാണ് ജില്ലാ നേതൃത്വം.