തിരഞ്ഞെടുപ്പ് വിജയകരം; നന്ദി അറിയിച്ച് ജില്ലാ കളക്ടര്‍

Jaihind Webdesk
Wednesday, June 5, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള ഓരോ ഘട്ടവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജനാധിപത്യത്തിന്‍റെ ശക്തി വിളച്ചോതി തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും കളക്ടര്‍ നന്ദി രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, കേന്ദ്ര നിരീക്ഷകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പോലീസ് അടക്കമുള്ള വിവിധ സേനാവിഭാഗങ്ങള്‍, കളക്ട്രേറ്റ് ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്തിയ സ്വീപ്പിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു.