കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് വേദി നിഷേധിച്ച് ജില്ലാ ഭരണകൂടം; പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, November 13, 2023

 

കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക്. കടപ്പുറത്തെ വേദി നല്‍കാനാവില്ലെന്ന് കാണിച്ചാണ് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. അതേസമയം പലസ്തീൻ റാലിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു.

നവംബര്‍ 23-നാണ് കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചത്. ഇതേ വേദിയില്‍ 24, 25, 26 തീയതികളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചത്. നവകേരള സദസിനു വേണ്ടി വേദി ഒരുക്കേണ്ടതിനാല്‍ കടപ്പുറത്ത് വേദി നല്‍കാനാവില്ലെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. അത് ഒഴിച്ചുള്ള ബാക്കി സ്ഥലം കോണ്‍ഗ്രസിന് ഉപയോഗിക്കാമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്.

മുസ്‌ലിം ലീഗിനും സിപിഎമ്മിനും പിന്നാലെയാണ് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് എംപി എം.കെ. രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്‍റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു. റാലിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് കോൺഗ്രസിന്‍റെ തീരുമാനമെന്ന് എം.കെ. രാഘവൻ എംപി അറിയിച്ചു.

കോൺഗ്രസ് നടത്തുന്ന പലസ്തീൻ റാലിക്ക് ആദ്യം അനുമതി നൽകിയിരുന്നവെന്നും പിന്നീട് പണമടയ്ക്കാൻ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ പറഞ്ഞു. പലസ്തീൻ വിഷയം ആയതുകൊണ്ട് തന്നെ പിന്നോട്ടു പോകാൻ തയാറല്ലെന്നും പിണറായിയുടെ പോലീസ് തടയുകയാണെങ്കിൽ തടയട്ടെയെന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു. അരക്ഷം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്താൻ കോഴിക്കോട് മറ്റൊരു സ്ഥലമില്ലാത്തതിനാൽ തന്നെ കോഴിക്കോട് കടപ്പുറത്ത് തന്നെ റാലി നടത്തുമെന്ന് ഉറച്ച തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം.