റേഷന്‍ വാങ്ങാനെത്തിയവർ ഇന്നും നിരാശരായി മടങ്ങി; ഇ-പോസ് സെർവർ തകരാറെന്ന് പതിവു പല്ലവി

Jaihind Webdesk
Friday, November 10, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍റെ തകരാറാണ് റേഷൻ വിതരണം തടസപ്പെടാൻ കാരണമായത്. അവശ്യസാധന വില കുതിച്ചുയരുമ്പോൾ റേഷൻ വിതരണവും നിലയ്ക്കുന്നതു മൂലം സാധാരണക്കാരാണ് ദുരിതത്തിലാകുന്നത്. റേഷന്‍ വിതരണം തടസപ്പെടുന്നത് പതിവാകുന്നതോടെ പ്രതിഷേധവും ശക്തമാണ്.

ഇ-പോസ് മെഷീന്‍ സെര്‍വർ തകരാറിലായതോടെയാണ് വിതരണം മുടങ്ങിയത്. പ്രതീക്ഷയോടെ എത്തിയവർ കാത്തുനിന്ന് മടുത്തതോടെ സെർവർ തകരാറാണെന്ന പതിവു പല്ലവി ആവർത്തിക്കപ്പെട്ടു. ഉടനടി പരിഹരിക്കുമെന്നു പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. അരി വാങ്ങാനായി എത്തിയവർ നിരാശരായി മടങ്ങി. കഴിഞ്ഞമാസവും ഇതേ തകരാർ സംഭവിച്ചിരുന്നു. അതേസമയം ഇ-പോസ് മെഷീൻ തകരാറുകൾ പരിഹരിക്കണമെന്ന ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കിന്നില്ലെന്ന് പരാതി ശക്തമാണ്.