‘കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവെച്ച് വിടണോ?’; സിപിഎമ്മിനെ ഊരാക്കുടുക്കിലാക്കി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍

Jaihind Webdesk
Thursday, February 16, 2023

കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി എത്തിയതിന് പിന്നാലെ പാർട്ടിയെ വെട്ടിലാക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരി. ‘കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മ വെച്ച് വിടണമായിരുന്നോ?’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.  ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ചുള്ള കമന്‍റിന് താഴെയാണ് ജിജോ തില്ലങ്കേരിയുടെ മറുപടി.

കഴിഞ്ഞ ദിവസമാണ് സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പ്രതികരണം. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണെന്നും, തെറ്റുതിരുത്താനുള്ള ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ഫേസ്ബുക്കിലൂടെ ആകാശ് തില്ലങ്കേരി തുറന്നടിച്ചു. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റായിട്ടായിരുന്നു ആകാശ് തില്ലങ്കേരിയുടെ മറുപടി. സമൂഹമാധ്യമങ്ങളിൽ സംഭവം ചർച്ച ആയതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണ്ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ പൊതുവേദിയിൽ വെച്ച് ട്രോഫി സമ്മാനിച്ചത്നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ്പ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്‍റ് കൂടിയായ സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ കമന്‍റായി ഇട്ടത്.

അതേസമയം തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സിപിഎം ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിന്‍ ജോർജ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ മട്ടന്നൂർ ഷുഹൈബിന്‍റെ പിതാവ് മുഹമ്മദും ആവശ്യപ്പെട്ടു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ പോലീസ് കേസെടുത്തു.