ഇംഎംസിസിയുടെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു ; ആഴക്കടലില്‍ വീണ്ടും കുടുങ്ങി സർക്കാർ

ന്യൂഡല്‍ഹി : ആഴക്കടൽ മത്സ്യബന്ധനക്കരാർ വിവാദത്തിൽ സംസ്ഥാന സംസ്ഥാന സർക്കാരിന്‍റെ വാദം വീണ്ടും പൊളിയുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കേരളത്തെ അറിയിച്ചിരുന്നതായി കേന്ദ്രം വ്യക്തമാക്കി. മൂന്നുതവണ വിവരങ്ങൾ കൈമാറിയെന്ന് എൻ.കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് വിദേശകാര്യമന്ത്രാലയം മറുപടി നൽകി. ഇതോടെ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രം കൈമാറിയില്ല എന്ന സംസ്ഥാന സർക്കാരിന്‍റെ വാദം പൊളിഞ്ഞു.

അമേരിക്കൻ കമ്പനി ഇഎംസിസിയുടെ വിശദാംശങ്ങൾ കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിരുന്നില്ല എന്നാണ് മന്ത്രിമാർ ഉൾപ്പെടെ പ്രസ്താവനകളിൽ പറഞ്ഞത്. എന്നാൽ മൂന്നുവട്ടം കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനത്തിന് കേന്ദ്രം കൈമാറിയിരുന്നു. 2019 ഒക്ടോബർ 21, ഒക്ടോബർ 25, നവംബർ 6 എന്നി തീയതികളിലാണ് കേന്ദ്രം വിവരങ്ങൾ കൈമാറിയത്.
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വഴി ശേഖരിച്ച വിവരങ്ങളാണ് കൈമാറിയത്.

കമ്പനിയുടെ വിലാസം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല എന്നും കൃത്യമായ ഓഫീസ് കമ്പനിക്ക് ഇല്ല എന്നും കൈമാറിയ വിവരങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. എന്നിട്ടും ധാരണാപത്രവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ് ചെയ്തത്. കമ്പനിയുടെ വിശദാംശങ്ങൾ തേടി സംസ്ഥാന സർക്കാരിന് വേണ്ടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാലാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. എൻ.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് വിദേശ കാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യങ്ങൾ ലോക്സഭയെ അറിയിച്ചത്.

Comments (0)
Add Comment