സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍; ഷംസീര്‍ പറയാന്‍ പാടില്ലാത്ത കാര്യം; ഗുരുതര വീഴ്ചയെന്നും ചിറ്റയം ഗോപകുമാര്‍

Jaihind Webdesk
Wednesday, September 11, 2024

തിരുവനന്തപുരം: എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ അപാകതയില്ലെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ നിലപാടിനെതിരെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തുവന്നത്. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്നും ആ സ്ഥാനത്ത് ഇരുന്ന് പറയാന്‍ പാടില്ലാത്ത കാര്യമാണെന്നുമാണ് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതികരണം.

നിയമസഭ സ്പീക്കര്‍ അങ്ങനെയൊരു കാര്യം പറയാന്‍ പാടില്ലായിരുന്നു. രാജ്യത്ത് വര്‍ഗീയ ഫാഷിസം ഇല്ലാതാകുക എന്നതാണ് ലക്ഷ്യമെന്നും അതിനാല്‍ സ്പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചിറ്റയം ഗോപകുമാര്‍ വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപിയെ മാറ്റി നിര്‍ത്തി ആരോപണങ്ങളില്‍ അന്വേഷണം നടത്തണം. എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തെ മാറ്റാതെയുള്ള അന്വേഷണം ഫലപ്രദമാവില്ല. എം.ആര്‍ അജിത് കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭരണകക്ഷി എംഎല്‍എയാണ് ആരോപണം ഉന്നയിച്ചതെന്നതും പ്രധാനമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.