ദുബായ്: യുഎഇയില്‍ താമസ വിസയുള്ളവര്‍ക്ക് ഇനി യുകെ വിസ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭിക്കും. നേരത്തെ അറുപത് ദിവസത്തിലധികം വരെ എടുത്തിരുന്ന വിസ നടപടികളാണ് ഇപ്പോള്‍ എളുപ്പത്തിലാകുന്നത്. യുകെ വിസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ വേനലവധിക്ക് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത പലരും അവസാന നിമിഷം യുകെ യാത്ര റദ്ദാക്കിയിരുന്നു.
അറുപത് ദിവസത്തിലധികം വരെ സമയം എടുത്താണ് പലര്‍ക്കും 2022 ല്‍ യുകെ വിസ കിട്ടിയത്. ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തില്‍ ദിവസം 1 ലക്ഷത്തില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന നിബന്ധനയാണ് വിസ നടപടി വൈകാന്‍ കാരണമാക്കിയത്. യുകെ വിസ വൈകിയതോടെ വിമാന ടിക്കറ്റിന്‍റെ ബുക്കിംഗ് നഷ്ടവും വിസ പണവും നഷ്ടവും മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളെ ബാധിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും ബ്രിട്ടിഷ് എയര്‍വേയ്‌സ്, ദുബായിയുടെ എമിറേറ്റ്‌സ് വിമാനം എന്നീ വിമാനക്കമ്പനികള്‍ അവരുടെ മുഴുവന്‍ വിമാനങ്ങളും സര്‍വീസിന് വീണ്ടും ഇറക്കുന്നതും യുകെ യാത്ര കൂടുതല്‍ എളുപ്പമാക്കുകയാണ്. സീറ്റുകള്‍ വര്‍ധിച്ചതിനാല്‍ വിമാന നിരക്കിലും കുറവ് വന്നിട്ടുണ്ട്. വിസ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും എന്നതിനാല്‍ ഇത്തവണ കൂടുതല്‍ പ്രവാസികള്‍ യുകെ യാത്ര തെരഞ്ഞെടുക്കുമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെയും പ്രതീക്ഷ. യുകെയില്‍ മക്കളെ വിട്ടു പഠിപ്പിക്കുന്ന പ്രവാസികള്‍ക്ക് അവധിക്കാലം കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഇതുവഴി സാധിക്കും. അതേസമയം ബിസിനസ് വിസകള്‍ 48 മണിക്കൂറിനകം ലഭ്യമാക്കുമെന്നും യുകെ ഇമിഗ്രേഷന്‍ അറിയിച്ചു.