തീരുമാനം ഒറ്റക്കെട്ടായി;കോണ്‍ഗ്രസ് നടപടി ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതെന്നും സണ്ണി ജോസഫ്

Jaihind News Bureau
Thursday, December 4, 2025

എഐസിസിയുടെ അനുമതിയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്ലാവരുമായി ആലോചിച്ച ശേഷം ഒറ്റക്കെട്ടായിയെടുത്ത തീരുമാനമാണിത്. തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മാതൃകാപരമായ തീരുമാനം എല്ലാക്കാലത്തും കോണ്‍ഗ്രസ് ഇതുപോലെ സ്വീകരിച്ചിട്ടുണ്ട്. ആക്ഷേപം മാധ്യമങ്ങളില്‍ വന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പരാതി ലഭിച്ചപ്പോള്‍ തന്നെയത് ഡിജിപിക്ക് കൈമാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സണ്ണി ജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികള്‍ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് കോണ്‍ഗ്രസ് എടുത്ത നിലപാടുകളും നടപടികളും കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ വിശ്വാസ്യത ലഭിക്കുമെന്നും പറഞ്ഞു. കളവ് കേസിലെ ഉള്‍പ്പെടെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎമ്മിനെ പോലെയല്ല കോണ്‍ഗ്രസ്. ആ വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.