പി.ഡബ്യു.സിയെ മാറ്റാനുള്ള തീരുമാനം : മുഖ്യമന്ത്രിയുടെ കുറ്റസമ്മതമെന്ന് ബെന്നി ബഹനാന്‍ എം.പി

Jaihind News Bureau
Saturday, July 18, 2020

 

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ കുറ്റസമ്മതമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കുന്നു എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കുകയും ഭരണത്തിൽ പോലും ഇടപെടുകയും ചെയ്തു. വിവിധ വകുപ്പിലും നിയമനങ്ങളിൽ പോലും കൈ കടത്തിയ സ്ഥാപനമാണ് പി.ഡബ്ല്യു.സി. ഇക്കാര്യങ്ങളെല്ലാം പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി ഇപ്പോൾ പീലാത്തോസിനെ പോലെ കൈകഴുകുന്നതിൽ കാര്യമില്ല. പിടിച്ചുനിൽക്കാൻ സാധിക്കാതെ വരുമ്പോൾ ന്യായീകരിക്കാൻ നോക്കുന്നത് ധാർമികതയല്ലെന്നും ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടിയുടെ ദേശീയ നേതൃത്വം പോലും കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് പറഞ്ഞ ഒരു കമ്പനിയെ അവിഹിതമായ മാർഗത്തിലൂടെ കേരളത്തില്‍ പ്രതിഷ്ഠിച്ചത് ഇത്തരത്തിലുള്ള കള്ളക്കടത്തുകാരെയും ഇത്തരം തട്ടിപ്പുകാരെയും സഹായിക്കുന്നതിനുവേണ്ടിയാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.