മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ തന്നെയാണ് തീരുമാനം; എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ: ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, July 19, 2022

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ തന്നെയാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. എല്ലാ നേതാക്കളും കരിങ്കൊടി കാട്ടാന്‍ ആഹ്വാനം ചെയ്യും. എത്ര പേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് നോക്കട്ടെ എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

“നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ. എത്ര പേർക്കെതിരെ ഗൂഢാലോചന കേസെടുക്കുമെന്ന് കാണട്ടെ. ഇതു പിണറായി റിപ്പബ്ലിക് ഒന്നും അല്ലല്ലോ. ഒരു പ്രതിഷേധം പാടില്ലേ? മുദ്രാവാക്യം വിളിക്കാൻ പാടില്ലേ? കരിങ്കൊടി പ്രകടനം നടത്തണമെന്ന് ആഹ്വാനം നൽകാൻ പാടില്ലേ? അപ്പോഴേക്കും വധശ്രമത്തിനാണോ കേസെടുക്കുന്നത്?’– ഷാഫി പറമ്പില്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നൊക്കെയാണ് പറയുന്നത്. ഇ.പി ജയരാജനാണ് വധിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അടിമപ്പണി ചെയ്യുകയാണ്. മിണ്ടാതാക്കാൻ ശ്രമിക്കേണ്ടെന്നും അതിന് വഴങ്ങില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ശബരീനാഥന്‍റെ അറസ്റ്റ് രേഖകള്‍ വ്യാജമാണ്. മുഖ്യമന്ത്രിയുടെ കൽപ്പനപ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നത്. അല്ലാതെ നിയമാനുസൃതമല്ല. അതിനെ കോടതിയിലും ജനങ്ങളുടെ മുന്നിലും തുറന്നുകാണിക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ശബരീനാഥിനെ രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലം തലങ്ങളിൽ പ്രതിഷേധ പ്രകടനത്തിനും  ഷാഫി പറമ്പിൽ എംഎൽഎ ആഹ്വാനം ചെയ്തു.