കൊവിഡ്-19 വൈറസിന്റെ വ്യാപനത്തെ തുടർന്ന് ലോകം അസ്വസ്ഥമാവുമ്പോൾ സുരക്ഷിത ഇടങ്ങളിൽ ഒന്നായിട്ടാണ് കേരളത്തെ വിലയിരുത്തുന്നത്. കൊവിഡ്-19 നെ വരുതിയിൽ നിർത്താനുള്ള കൊച്ചു കേരളത്തിന്റെ നാളിതുവരെയുള്ള പരിശ്രമങ്ങൾ വൈറസിനു മുന്നിൽ പരുങ്ങുന്ന വികസിത രാജ്യങ്ങള് ഉൾപ്പടെയുളള ലോകത്തിന്റെ വിവിധ കോണുകളിൽ വലിയ താൽപര്യവും ആദരവും സൃഷ്ടിച്ചിരിക്കുകയാണ്.
കേരള മോഡൽ ആരോഗ്യ സംരക്ഷണ മാതൃക വിശകലനം ചെയ്യുമ്പോൾ തെളിയുന്ന ചിത്രം കേരളത്തിന്റെ ആരോഗ്യരംഗം പതിറ്റാണ്ടുകൾക്ക് മുമ്പു തൊട്ടേ ലോകത്തെ വികസിത രാജ്യങ്ങളുടെ ശ്രേണിയിൽ നിലകൊള്ളുന്നുവെന്ന യാഥാർത്ഥ്യമാണ്. കേരള മാതൃകയുടെ, മുന്നേറ്റത്തിന്റെ പൂർവ്വമാതൃകകൾ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്നുണ്ട്. നാടിന്റെ വൈദ്യരംഗവുമായി ആയുർവേദത്തിന് ചിരപുരാതന ബന്ധമുണ്ട്. അതോടൊപ്പം തന്നെ പുതിയ ചികിത്സാരീതികളെ സ്വാംശീകരിക്കാനും നാടിനു കഴിഞ്ഞു. കൊളോണിയൽ ഭരണസമയത് എത്തി ചേർന്ന പാശ്ചാത്യ വൈദ്യശാസ്ത്രത്തെയും ഇന്ത്യയിൽ ആദ്യമായി ഉൾകൊണ്ട സ്ഥലങ്ങളിൽ ഒന്ന് കേരളമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറും, കൊച്ചിയും ആധുനിക ആരോഗ്യ പരിരക്ഷ സങ്കേതങ്ങൾ നടപ്പിൽ വരുത്താനുള്ള ഗൗരവശ്രമങ്ങൾ ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കും, തടവുപുള്ളികൾക്കും, വിദ്യാർത്ഥികൾക്കും പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കിക്കൊണ്ട് 1879 ൽ രാജ വിളംബരമുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ തന്നെ ഇംഗ്ലണ്ടിൽ നിന്നും വൈദ്യ പരിശീലനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഡോ. മേരി പുന്നൻ ലൂക്കോസിനെ ആദ്യ സർജൻ ജനറലായി നിയമിച്ചത് നാട്ടുരാജ്യമായ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും വനിതാ ഡോക്ടർമാർ അക്കാലത്ത് വിരളമായിരുന്നു. പ്രാഥമിക ആരോഗ്യപരിപാലനം ഭരണാധികാരികളുടെ പ്രഥമ പരിഗണന വിഷയമായിരുന്നു. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ജനറൽ ആശുപത്രികൾക്ക് 150 വർഷത്തെ പഴക്കമെങ്കിലുമുണ്ട്.
1956ലെ കേരളപ്പിറവിക്കു ശേഷം സംസ്ഥാനത്ത് അധികാരത്തിലേറിയ സർക്കാരുകൾ രാഷ്ട്രീയ ഭേദമന്യെ പ്രാഥമികാരോഗ്യത്തിനും, പ്രാഥമിക വിദ്യഭ്യാസത്തിനും തങ്ങളുടെ മുന്തിയ പരിഗണന നൽകിപ്പോന്നു. കഴിഞ്ഞ എഴുപത് വർഷക്കാലയളവിനകം പ്രാഥമിക ആരോഗ്യപരിപാലന രംഗം ക്രമാനുഗതമായി വളർന്ന് ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളുടെ മുക്കിലും മൂലയിലും വരെ സാന്നിധ്യമറിയിച്ച് തലയുയർത്തി നിൽക്കുന്നു.
ഐക്യരാഷ്ട്ര സഭ 1990 ൽ പുറത്തിറക്കിയ മാനുഷിക വികസന സൂചിക (HDI) യുടെ തുടക്കം മുതലിങ്ങോട്ട് കേരളത്തിന്റെ സ്ഥാനം വികസിത രാജ്യങ്ങൾക്കൊപ്പമാണ്. 2011 ൽ പുറത്തിറക്കിയ ഇന്ത്യൻ മാനുഷിക വിഭവശേഷി റിപ്പോർട്ടിൽ ഉയർന്ന സാക്ഷരത നിരക്ക്, മികച്ച ആരോഗ്യ സേവനം, കൂടിയ ഉപഭോഗ – ക്രയശേഷി നിരക്കുകൾ എന്നിവയിലും കേരളം മുൻപന്തിയിലാണ്.
കേരളത്തിന്റെ ആരോഗ്യരംഗത്തുള്ള അപ്രമാദിത്വം ഉറപ്പിക്കാൻ സഹായിക്കുന്ന രണ്ടാമത്തെ വിഭാഗം അർപ്പണബുദ്ധിയോടെ മേന്മയേറിയ സേവനമുറപ്പ് വരുത്തുന്ന ആരോഗ്യ പ്രവർത്തകരാണ്. ഒരു നിർദ്ദിഷ്ട ഘട്ടത്തിൽ അധികാരത്തിലിരുന്ന സർക്കാർ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിൽ വിജയിച്ചു. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ പല ജില്ലകളിലും ഒന്നിലധികം മെഡിക്കൽ കോളേജുകൾ വരുവാനിടയായി. കേരളത്തിന് ആയിരം പേർക്ക് 1.5 ഡോക്ടർമാർ എന്ന ശരാശരി നിലനിർത്താൻ കഴിയുന്നതിന്റെ പ്രധാന കാരണം ഇതാണ്. ആയിരം പേർക്ക് 0.62 ഡോക്ടർമാരുള്ള ദേശീയ ശരാശരിയെക്കാളും , 1 ഡോക്ടറുള്ള ലോകാരോഗ്യ സംഘടനയുടെ ശരാശരിയെക്കാളും കേരളം വളരെ മുന്നിലാണ്.
കേരളത്തിലെ വിദ്യഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ ആരോഗ്യരംഗത്ത് മികച്ച ഒരുപാട് സ്ഥാപനങ്ങളെ സംഭാവന ചെയ്തു. 91 കാലത്തെ ഭരണത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച പരിയാരം മെഡിക്കൽ കോളേജ് ഈ ദിശയിലുള്ള ആദ്യ ചുവട് വെയ്പാണ്. 2001 ലെ ഭരണ കാലയളവിൽ ആരോഗ്യ വിദ്യഭ്യാസ മേഖലയിലുൾപ്പടെ സ്വാശ്രയ മാനേജ്മെന്റുകളെ അനുവദിച്ച വിപ്ലവകരമായ നയത്തിന്റെ ഗുണഫലങ്ങൾ ഇന്ന് കേരളത്തിന്റെ ചികിത്സാരംഗത്ത് ദൃശ്യമാണ്. മെഡിക്കൽ വിദ്യഭ്യാസ രംഗത്തും, വിദഗ്ധ ഡോക്ടർമാരുൾപ്പടെയുള്ള മികച്ച ആരോഗ്യ പ്രവർത്തകരുടെ ലഭ്യതയിൽ കേരളം സ്വയംപര്യാപ്തരായി. ഇന്ന് വർഷംപ്രതി കാൽ ലക്ഷം മെഡിക്കൽ വിദ്യാർത്ഥികളും 35000 നഴ്സിങ് വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രവേശനം നേടുന്നുണ്ട്.
പൂർവ്വികർ കൈമാറിയ അഭിമാനകരമായ ഒരു പൈതൃകം പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാൻ സംസ്ഥാനത്തിനു സാധിച്ചു. ഒരു കാലത്തു സ്വാശ്രയ കോളേജുകൾക്കെതിരെ രക്തരൂക്ഷിത സമരം നടത്തിയവരാണ് പിന്നീട് മാറിയ നയങ്ങൾ വഴി സ്ഥാപിതമായ ഇന്നത്തെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളായി മാറിയത് എന്നത് കൗതുകമുണർത്തുന്നതാണ്.
വൈറസിനെ പ്രതിരോധിക്കുന്നതിൽ നിലവിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും വരും ദിനങ്ങളിൽ നേരിടാനിരിക്കുന്ന അപൂർവ്വ വെല്ലുവിളികൾ മുൻനിർത്തി കേരളം കനത്ത ജാഗ്രത പുലർത്തേണ്ടതുണ്ട്. വരുന്ന സമയങ്ങളിൽ വലിയ തോതിലുള്ള പ്രവാസികളുടെയും ഇതരസംസ്ഥാന തൊഴിലാളികളുടെയും തിരിച്ചുവരവിന് നാം സാക്ഷിയാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളം തിരിച്ചെത്തുന്ന വർക്ക് ക്വാറന്റൈനും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമുള്ള പരിശോധനയും, ഐസോലേഷനും, പിന്തുടരലും, ചികിത്സയും വീഴ്ച കൂടാതെ നടത്താൻ ശ്രമകരമായ അധ്വാനം നടത്തേണ്ടതായുണ്ട്.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അതിന്റെ പരമകാഷ്ഠയിൽ എത്തുന്നത് ജൂൺ അവസാനത്തോടെയും, ജൂലൈയിലുമായിരിക്കുമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ നിരീക്ഷിച്ചത് ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. എന്നിരുന്നാലും കഴിഞ്ഞ രണ്ടു മഹാ പ്രളയക്കാലത്തും മലയാളികൾ കാണിച്ച ഐക്യവും,അച്ചടക്കവും, പരസ്പര സഹായവും വീഴ്ച കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്ന പക്ഷം ഏതൊരു സാഹചര്യത്തിലും കോവിഡ് 19 നെ മറികടന്ന് മുന്നേറാൻ കേരളത്തിനു കഴിയും എന്ന കാര്യത്തിൽ സംശയമില്ല.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിക്കു മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ പ്രകീർത്തിക്കപ്പെടുന്ന കേരള ആരോഗ്യ മാതൃകയുടെ തിളക്കത്തിൽ മലയാളികൾ അഭിമാനിക്കുന്നുണ്ട്. സർക്കാറുകളുടെയും, പൊതുജനത്തിന്റെയും പതിറ്റാണ്ടുകൾ നീണ്ട ശ്രമകരമായ അധ്വാനവും, ശ്രദ്ധയുമാണ് നമുക്ക് ആരോഗ്യരംഗത്ത് നേട്ടമുണ്ടാക്കിത്തന്നത്. മറിച്ച് അതൊരു പൊടുന്നനെ രൂപപ്പെട്ട അദ്ഭുതമല്ല.
(അനിൽ. കെ. ആന്റണി കെ.പി.സി.സി ഐടി ആന്റ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറും, കൊവിഡ്-19 പ്രതിരോധ ഗ്രൂപ്പായ പി.ഐ. ഇന്ത്യയുടെ ദേശീയ കോ-ഓർഡിനേറ്ററുമാണ്.)