ന്യൂഡല്‍ഹി : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ ഓസ്കാർ ഫെർണാണ്ടസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കള്‍. കുടുംബത്തെ അനുശോചനം അറിയിച്ച രാഹുല്‍ ഗാന്ധി ഓസ്കാര്‍ ഫെർണാണ്ടസിന്‍റെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹം പാർട്ടിക്ക് നല്‍കിയ സംഭാവനകളിലൂടെ എക്കാലവും സ്മരിക്കപ്പെടും. നിരവധി പേരുടെ വഴികാട്ടിയും മാർഗദർശിയുമായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
My heartfelt condolences to the family and friends of Shri Oscar Fernandes Ji.
It is a personal loss for me. He was a guide and mentor to many of us in the Congress Party.He will be missed and fondly remembered for his contributions. pic.twitter.com/NZVD592GSJ
— Rahul Gandhi (@RahulGandhi) September 13, 2021
കോണ്‍ഗ്രസ് പാർട്ടിയുടെ വിശ്വസ്തനും കരുത്തനുമായ പോരാളിയെയാണ് നഷ്ടമായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അനുസ്മരിച്ചു.
Heartfelt condolences to Oscar ji’s family. You are in our hearts and prayers.
He was one of the finest, most loyal soldiers of the Congress party, we will all miss him immensely. pic.twitter.com/ulBwtHpFsP
— Priyanka Gandhi Vadra (@priyankagandhi) September 13, 2021
എകെ ആന്‍റണി : ഓസ്‌കാർ ഫെർണാണ്ടസിന്‍റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കനത്ത നഷ്ടമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി എംപി. ഓസ്‌കാർ ഫെർണാണ്ടസിനെപോലെയുള്ള നേതാക്കന്മാർ ഇന്ന് രാഷ്ട്രീയ പാർട്ടികളിൽ വളരെ കുറവാണ്. ഇത്രയേറെ ലാളിത്യവും സത്യസന്ധതയും കർമ്മശേഷിയുമുള്ള നേതാക്കന്മാർ വളരെ അപൂർവമാണ്. അദ്ദേഹത്തിന്‍റെ വേർപാട് എന്നെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്ന വലിയ ഒരു നഷ്ടമാണ്. അഹമ്മദ് പട്ടേൽ, തരുൺ ഗോഗോയി, ഇപ്പോൾ ഓസ്‌കാർ ഫെർണാണ്ടസ് എന്നിവരെ തുടരെ തുടരെ നഷ്ടമായിരിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് ഇത് തീരാനഷ്ടമാണ്. അതുപോലെ തന്നെ എനിക്ക് ഇതുപോലുള്ള സുഹൃത്തുക്കൾ ഡൽഹിയിൽ വളരെ കുറവാണ്. ഓസ്‌കാർ ഫെർണാണ്ടസിന്‍റെ വേർപാടിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സങ്കടം അനുഭവിക്കുന്ന ഭാര്യയോടും മക്കളോടും കുടുംബാംഗങ്ങളോടും എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.
കെസി വേണുഗോപാല്‍ : പകരം വെക്കാനില്ലാത്ത കഠിനാധ്വാനിയായ സംഘടനാ നേതാവിനെയും ഉപദേഷ്ടാവിനെയുമാണ് നഷ്ടമായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി അനുസ്മരിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം കോണ്‍ഗ്രസ് പാർട്ടിക്ക് തീരാനഷ്ടമാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.
കെ സുധാകരന്‍ : വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു ഓസ്‌കാര്‍ ഫെര്‍ണാണ്ടസെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. നിസ്തുലമായ സേവനംകൊണ്ട് ഹൃദയത്തില്‍ ഇടംനേടിയ അപൂര്‍വം നേതാക്കളിലൊരാള്‍. ആര്‍ക്കും എപ്പോഴും പ്രാപ്യനായ വ്യക്തി. ഓസ്‌കര്‍ ഫെര്‍ണാണ്ടസിന് പകരക്കാരനില്ലെന്നു പറയുമ്പോള്‍ അത് ആലങ്കാരികമാണെന്നു തോന്നാം. എന്നാല്‍ അദ്ദേഹത്തിന് പകരക്കാരനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് അദ്ദേഹം നമ്മെ വിട്ടുപോയത്. സന്തപ്ത കുടുംബാഗങ്ങളെ എന്‍റെ അനുശോചനം അറിയിക്കുന്നു. പാര്‍ട്ടിക്കേറ്റ കനത്ത നഷ്ടത്തില്‍ എന്‍റെ ഹൃദയംഗമായ വേദന രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണമിക്കുന്നു. ആത്മശാന്തിക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ : ഏറ്റവും അടുത്ത കുടുംബ സുഹൃത്തുകൂടിയായിരുന്നു ഓസ്കാര്‍ ഫെർണാണ്ടസെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ ചുറ്റുപാടിൽ ഓസ്കാറിന്‍റെ ദേഹവിയോഗം കനത്ത നഷ്ടമാണെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല : വ്യക്തിപരമായും, കുടുംബപരമായും നല്ലൊരു സൗഹൃദബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഓസ്കാർ ഫെർണാണ്ടസെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിൽ ചെന്ന് അദ്ദേഹത്തിന്‍റെ സുഖ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓസ്കാർ ജീക്ക് എന്‍റെ ആദരാഞ്ജലികൾ.
യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു ഓസ്കാര്‍ ഫെർണാണ്ടസ്. ഒന്നര മാസത്തോളം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ തുടർന്ന അദ്ദേഹം തിങ്കളാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.