മാവോയിസ്റ്റ് കവിതയുടെ മരണം: തിരിച്ചടി സാധ്യത മുന്നില്‍ക്കണ്ട് പോലീസ്; അതീവ ജാഗ്രത

Jaihind Webdesk
Saturday, December 30, 2023

 

വയനാട്: മാവോയിസ്റ്റ് കവിതയുടെ മരണത്തി‍ന്‍റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ പോലീസ്. തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് ജാഗ്രത പുലർത്തുന്നത്. കഴിഞ്ഞദിവസം തിരുനെല്ലി മേഖലയിൽ പോസ്റ്റർ പതിക്കാൻ എത്തിയത് സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആണെന്ന് പോലീസ് വ്യക്തമാക്കി.

വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ കഴിഞ്ഞ ദിവസം രാത്രി എത്തിയ മാവോയിസ്റ്റ് സംഘത്തിൽ മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ സോമനും സംഘത്തിൽ ഉണ്ടായിരുന്നു. മറ്റു നാലു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുനെല്ലി ആശ്രാമം സ്കൂളിന് സമീപത്തുള്ള കടയിലാണ് മാവോയിസ്റ്റുകൾ കത്ത് ഇട്ടത്. സ്കൂളിന്‍റെ സൂചനാ ബോർഡിന് മുകളിലും കത്ത് പതിച്ചിരുന്നു.

കബനി ദളം ഏരിയാ സെക്രട്ടറി ആയിരിക്കുകയാണ് ആറളത്തെ ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെടുന്നത്. രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കും എന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വയനാട്ടിലോ കണ്ണൂർ ജില്ലയിലോ തിരിച്ചടി ഉണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. വനമേഖലകൾക്ക് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കുകയാണ് തണ്ടർബോൾട്ട്. ആറു വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 9 മാവോയിസ്റ്റുകളാണ്.