കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു, വിട നല്‍കി നാട്

Jaihind Webdesk
Sunday, June 16, 2024

 

കോട്ടയം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി. ശ്രീഹരിയുടെയും, പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ പൊതുദർശനത്തിനു ശേഷമാണ് സംസ്കരിച്ചത്. ശ്രീഹരിക്കും, ഷിബുവിനും അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് എത്തിയത്. അതേസമയം കുവൈറ്റ് ദുരന്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന്‍റെ സംസ്കാരം തിങ്കളാഴ്ച നടക്കും.

ഇന്ന് രാവിലെ 8 മണിക്കാണ് ശ്രീഹരിയുടെ തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിച്ചത്. തുടർന്ന് പൊതുദർശനവും വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകളും നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശ്രീഹരിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ശ്രീഹരിയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് ഇത്തിത്താനത്തെ വീട്ടിൽ എത്തിയത്.

അതേസമയം പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെ സംസ്കാരവും ഇന്ന് നടന്നു. പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബു വർഗീസിന്‍റെ മൃതദേഹം രാവിലെ പത്തിന് പായിപ്പാടുള്ള വീട്ടിലെത്തിച്ചു. തുടർന്ന് ഇടവക പള്ളിയായ സെന്‍റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി പൊതുദർശനത്തിന് വെച്ചു. പള്ളിയിലെ പൊതുദർശനത്തിനുശേഷം മൂന്നരയോടെയായിരുന്നു ഷിബു വർഗീസിന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്.