മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെട്ട അതേ ദിവസം! മുണ്ടുടുത്ത മോദിയെന്ന് വീണ്ടും തെളിയിച്ച് പിണറായി

Friday, June 23, 2023

 

നരേന്ദ്ര മോദി സർക്കാരിന്‍റെ ഫാസിസ്റ്റ് ഭരണത്തിന് അവസാനം കുറിക്കാനായി ദേശീയതലത്തില്‍ പ്രതിപക്ഷ പാർട്ടി ഐക്യം യാഥാർത്ഥ്യമാക്കാനുള്ള നിർണ്ണായക ചുവടുവെപ്പിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. പട്നയില്‍ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ രൂപപ്പെട്ട ഇന്നുതന്നെ കേരളം കണ്ടതാകട്ടെ ഐക്യശ്രമങ്ങളെ പരിഹസിക്കുന്ന, മോദി സർക്കാരിന്‍റെ അതേ നയങ്ങള്‍ പിന്തുടരുന്ന ഒരു ഭരണാധികാരിയുടെ ചെയ്തികളാണ്. ഐക്യം ഊട്ടിയുറപ്പിക്കാൻ യോഗം ചേർന്ന അതേദിവസം തന്നെ കേരളത്തിലെ കോൺഗ്രസിന്‍റെ അധ്യക്ഷനും എംപിയുമായ കെ  സുധാകരനെ കള്ളക്കേസിൽ കുടുക്കി പിണറായി സർക്കാർ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

പ്രതിപക്ഷ നിരയിലെ നേതാക്കളെ കള്ളകേസിൽ കുടുക്കുന്നത് അടക്കമുള്ള മോദി സർക്കാരിന്‍റെ നടപടികളാണ് പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന് ഉണ്ടായ സാഹചര്യങ്ങളിൽ ഒന്ന്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുപാർട്ടി നേതാക്കളും ഇന്ന് പട്നയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടും എന്ന സുപ്രധാന തീരുമാനമാണ്  യോഗത്തിലുണ്ടായത്.  ഇതിന്‍റെ തുടർ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായി അടുത്ത മാസം ഷിംലയില്‍ യോഗം ചേരാനും തീരുമാനമായി. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാര്‍ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ചർച്ചയാകുന്നത്. വിഷയം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. സർക്കാരിനെ വിമർശിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്ന മോദിയുടെ അതേ പാതയിലാണ് പിണറായി വിജയനും എന്നതിന് അടിവരയിടുന്ന പ്രവൃത്തിയാണിതെന്ന് വിമർശനവും ഉയർന്നു.

പ്രതിപക്ഷ ഐക്യചർച്ചയ്ക്കിടെ കെപിസിസി പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തെന്നും പിണറായിയുടെ നീക്കം ബിജെപിയെ സുഖിപ്പിക്കാനാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. രാഷ്ട്രീയമായി എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ പെടുത്തിയും അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും അവരുടെ വായടപ്പിക്കാം എന്നുള്ള വ്യാമോഹത്തിന്‍റെ പുറത്ത് സർക്കാർ ചെയ്ത അധര വ്യായാമം മാത്രമാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അറസ്റ്റെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. അധികാരമുള്ളതുകൊണ്ട് വിരട്ടാം എന്നുള്ള വ്യാമോഹം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടപടിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മറ്റ് രാഷ്ട്രീയ പാർട്ടികളെല്ലാം ദേശീയ തലത്തിൽ ഒരു ട്രാക്കിൽ നീങ്ങുമ്പോൾ പിണറായി വിജയൻ മുണ്ടുടുത്ത മോദിയാണെന്ന് തെളിയിക്കാനുള്ള തിരക്കിലാണെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റിനെ കള്ളക്കേസിൽ കുടുക്കിയുള്ള അനാവശ്യ പീഡനം കേരളത്തിൽ കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.