ഏത് കൊവിഡ് വാക്‌സിൻ ഉപയോഗിക്കുമെന്ന് ഇന്നറിയാം; വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന്

Jaihind News Bureau
Friday, January 1, 2021

രാജ്യത്ത് ഏത് കൊവിഡ് വാക്‌സിൻ ഉപയോഗിക്കുമെന്ന് ഇന്നറിയാം. കൊവിഡ് വാക്‌സിന്‍റെ ഉപയോഗത്തിന് അനുമതി നൽകുന്ന കാര്യം തീരുമാനിക്കാൻ വിദഗ്ധ സമിതിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് യോഗം ചേരുക.

സീറം ഇൻസ്റ്റിസ്റ്റൂട്ട്, ഭാരത്ബയോടെക്ക്, ഫൈസർ എന്നീ കമ്പനികളുടെ അപേക്ഷ സമിതി പരിഗണിക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സീറം ഇൻസ്റ്റിസ്റ്റൂട്ടിനോട് സമിതി കൂടുതൽ രേഖകൾ ചോദിച്ചിരുന്നു. സീറത്തിന്‍റെ കൊവിഷീൽഡ് വാക്‌സിന് ഉപയോഗത്തിന് അനുമതി കിട്ടുമെന്നാണ് സൂചന. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ വാക്‌സിന് ഉടൻ അനുമതി നൽകുമെന്ന് അറിയിച്ചിരുന്നു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നു. പുതുവർഷത്തിൽ പുതിയ തീരുമാനമുണ്ടാകുമെന്നാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പ്രതികരിച്ചത്.

ഇതിനിടെ സംസ്ഥാനങ്ങളോട് കൊവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കാനുള്ള നിർദ്ദേശം കേന്ദ്രം നൽകി. നാളെ വാക്‌സിന്‍റെ ഡ്രൈ റണിന് വിവിധ ഇടങ്ങളിൽ തുടക്കമാകും.