നൂറ് രാജ്യങ്ങള്‍ സന്ദർശിച്ചെന്ന് പറഞ്ഞതും വെറുതെ! മോന്‍സണ് പാസ്പോർട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

Jaihind Webdesk
Thursday, September 30, 2021

കൊച്ചി : പുരാവസ്തു വിൽപനക്കാരനെന്ന് നടിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കലിന് പാസ്പോർട്ട് ഇല്ലെന്ന് ക്രൈം ബ്രാഞ്ച്. നൂറ് രാജ്യങ്ങൾ സന്ദർശിച്ചെന്നത്  താന്‍ വെറുതെ പറഞ്ഞതാണെന്ന് മോൻസണ്‍ മൊഴി നൽകിയതായും ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലാത്ത മോൻസണാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

മോന്‍സണ്‍ മാവുങ്കൽ പലരിൽനിന്നായി നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരിട്ട് പണമായും സഹായികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുമാണ് മോണ്‍സണ്‍ പണം വാങ്ങിയത്.  പണം ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് മോൻസന്‍റെ ശബ്ദ സാമ്പിൾ ശേഖരിക്കും. പത്തുകോടി രൂപ മോൻസണ് നൽകിയെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ 70 ലക്ഷം രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നാണ് മോൻസന്‍റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

അതേസമയം മോൻസന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മോൻസണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ക്രൈം ബ്രാഞ്ച് ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.  ഇന്ന് വൈകിട്ട് നാലരയോടെ മോൻസണ്‍ മാവുങ്കലിനെ കൊച്ചിയിലെ എസിജെഎം കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈം ബ്രാഞ്ച് നീക്കം. നേരത്തെ 5 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും 3 ദിവസമാണ് കോടതി കസ്റ്റഡിയിൽ അനുവദിച്ചിരുന്നത്. തട്ടിപ്പിന്‍റെ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈം ബ്രാഞ്ചിന് പിന്നാലെ മോൻസണെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്.