പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് വഴിതിരിക്കാന്‍ ശ്രമമെന്ന് സിപിഎം

Jaihind Webdesk
Friday, September 17, 2021

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് വഴിതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ പറയുന്നു. ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തില്‍ വർഗീയ സ്വാധീനം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവത്തില്‍ കാണണമെന്നും കുറിപ്പിലുണ്ട്. സെപ്റ്റംബര്‍ 10 നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് കുറിപ്പ് നല്‍കിയത്.

സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗവുമായി ബന്ധപ്പെട്ട് സിപിഎം തയാറാക്കിയ കുറിപ്പില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇങ്ങനെ പരാമർശിക്കുന്നു. മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്‍റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങളും കുറിപ്പില്‍ പറയുന്നു.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും കുറിപ്പിലുണ്ട്. എന്നാല്‍ അടുത്തകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണം. മുസ്ലീങ്ങള്‍ക്കെതിരെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി രാഷ്ട്രീയശക്തി നേടുന്നത് തടയണമെന്ന നിര്‍ദേശവും സിപിഎം നല്‍കുന്നു. ക്ഷേത്രക്കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്രക കമ്മറ്റികള്‍ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും കുറിപ്പില്‍ പറയുന്നു.