യെച്ചൂരിക്ക് വീണ്ടും കേരള ഘടകത്തിന്‍റെ ചുവപ്പ് കൊടി ; രാജ്യസഭാ മോഹത്തിന് വിലങ്ങുതടിയായി കേരള നേതാക്കള്‍

രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ വഴിയടച്ച് സി.പി.എം കേരള ഘടകം വീണ്ടും. യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സി.പി.എം നേതാക്കള്‍ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ഇത്തവണയും യെച്ചൂരിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം.

ബംഗാളില്‍ ഒഴിവ് വരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് മത്സരം. നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു സീറ്റിലാണ് യെച്ചൂരിക്ക് മത്സരിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള പി.ബി അംഗങ്ങള്‍ എതിർപ്പ് അറിയിക്കുകയായിരുന്നു. മാര്‍ച്ച് 26 നാണ് ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്.

രാജ്യസഭയിലേക്ക് വരുന്ന ഒഴിവില്‍ യെച്ചൂരിയെ മല്‍സരിപ്പിക്കാന്‍ സി.പി.എം ബംഗാള്‍ ഘടകം നേരത്തെ തീരുമാനിച്ചിരുന്നു. യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിരുന്നു. 2017 ലും യെച്ചൂരിയെ മത്സരിപ്പിക്കുന്നതിന് ഉടക്കിട്ടത് കേരള ഘടകമായിരുന്നു. 34 വർഷം ബംഗാള്‍ ഭരിച്ച സി.പി.എമ്മിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. തനിച്ച് മത്സരിച്ചാല്‍ ജയിക്കാനാകില്ലെന്ന സാഹചര്യമാണ് ബംഗാളിലുള്ളത്. അതേസമയം പാര്‍ട്ടിയിലെ ഉള്‍പ്പോരാണ് യെച്ചൂരിക്ക് മല്‍സരിക്കാന്‍ തടസമാകുന്നതെന്നും വിലയിരുത്തലുണ്ട്.

Comments (0)
Add Comment