തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാനും വെളിപ്പെടുത്തല്‍ നടത്താനും സര്‍ക്കാര്‍ അനുവാദം നല്കി. നിയമപരമായ കോടതിയുടെ അനുമതിയോടെ 164 (5) സ്റ്റേറ്റ്മെന്റ് നല്കിയ ഇതേ കേസിലെ മറ്റൊരു പ്രതിയായ സ്വപ്നാ സുരേഷിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇരട്ട നീതി കാട്ടിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. നിയമപരമായ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ തന്നെ മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് എന്തിനെന്ന ചോദ്യത്തിനും മറുപടിയില്ല. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായ എം.ആര് അജിത്കുമാറും എഡിജിപി വിജയ് സാഖറെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ സംസ്ഥാന പോലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ ഉപകരണമാക്കി ഇടനിലക്കാരയത് എന്തിന് വേണ്ടിയായിരുന്നു? ഷാജ് കിരണ്‍ 30 തവണ എഡിജിപിയെ ഫേണില്‍ വിളിച്ചത് എന്തിന് വേണ്ടിയായിരുന്നു? മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി അമേരിക്കയിലേക്ക് ഡോളര്‍ കടത്തിയെന്നു പറഞ്ഞ ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അയാളുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കാത്തത്? ഷാജ് കിരണ്‍ തമിഴ്നാട്ടില്‍ പോയി ഫോണ്‍ രേഖകളെല്ലാം മായ്ച്ച് കളഞ്ഞു. അവ പുറത്തു വന്നാല്‍ സര്‍ക്കാരിന് ഭീഷണിയാണ്. ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മറുപടിയില്ല.
ആദ്യം മുഖ്യമന്ത്രി പറഞ്ഞു ബാഗേജ് മറന്നിട്ടില്ലെന്ന്. എന്നാല്‍ ബാഗേജ് മറന്നു പോയെന്നും സ്വപ്ന വഴി ഡിപ്ലോമാറ്റിക് ചാനലിലൂടെയാണ് കൊണ്ടു പോയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി എന്തിനാണ് കള്ളം പറഞ്ഞത്? പിന്നീട് മുഖ്യമന്ത്രി പറഞ്ഞു മറ്റൊരു വ്യക്തിയാണ് ബാഗ് കൊണ്ടു പോയതെന്നും അത് സ്ക്രീനിംഗ് ചെയ്തെന്നുമാണ്. സ്ക്രീനിംഗ് ചെയ്യുമെങ്കില്‍ എന്തിനാണ് ബാഗേജ് ഡിപ്ലോമാറ്റിക് ചാനല്‍ വഴി അയയ്ക്കുന്നത്? കസ്റ്റംസ് പരിശോധയില്‍ നിന്നും ഒഴിവാകാനാണ് ബാഗേജ് ഡിപ്ലോമാറ്റിക് ചാനല്‍ വഴി വിടുന്നത്. അപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി അയച്ച അറന്മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് ചാനല്‍? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്.
ഇന്നലെ നിയമസഭയില്‍ സംസാരിച്ച ഭരണകക്ഷി അംഗങ്ങള്‍ എല്ലാം ‘പുത്തൂരം വീട്ടില്‍ ജനിച്ചോരെല്ലാം പൂ പോലഴകുള്ളവരായിരുന്നു’ എന്ന പോലെ പിണറായിയുടെ ആറ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയായിരുന്നു.
ഖുറാന്, ഈന്തപ്പഴം, ബിരിയാണി ചെമ്പ് ഇവയെല്ലാം ഇസ്ലാമോഫോബിയ പരത്താനുള്ള വാക്കുകളാണെന്നാണ് ഭരണകക്ഷി അംഗം പറഞ്ഞത്. ഞങ്ങള്‍ ആരും ഈ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ വര്‍ഗീയവത്ക്കരിച്ച് രക്ഷപ്പെടാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. പ്രതിപക്ഷം നിയമപരമായ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്തത് ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ്. എന്നിട്ടും മതിവരാഞ്ഞ് സോണിയ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപിയുടെ കൈയടി ഒന്നു കൂടി വാങ്ങാനാണ് പിണറായി ശ്രമിച്ചത്. 22 കൊല്ലം മുന്‍പ് നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് എന്തിനാണ് സോണിയാ ഗാന്ധിയെ വലിച്ചിഴയ്ക്കുന്നത്? ഗുജറാത്തില്‍ കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് എം.പി ജാഫ്റിയുടെ വിധവയെ സോണിയാ ഗാന്ധി കണ്ടതിന്റെ ഫോട്ടോ ഉണ്ടോയെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. സോണിയാ ഗാന്ധി അഹമ്മദാബാദില്‍ എത്തിയിട്ടും എം.പിയുടെ വിധവയെ സന്ദര്‍ശിച്ചില്ലെന്ന പച്ചക്കള്ളമാണ് പിണറായി ആദ്യം പറഞ്ഞത്. അപ്പോള്‍ അവരുടെ മകന് പറഞ്ഞത് ഞങ്ങള്‍ തെളിവായി കാണിച്ചു. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു, സര്‍ക്യൂട്ട് ഹൗസിലാണ് കണ്ടതെന്നും വീട്ടില്‍ പോയില്ലെന്നും. കൊല്ലപ്പെട്ട സ്ഥലത്തേക്ക് സോണിയാ ഗാന്ധിയെ പോലുള്ള ഒരാള്‍ക്ക് പോലീസ് പ്രവേശനം നല്‍കുമെന്ന് ഈ മുഖ്യമന്ത്രി അല്ലാതെ മറ്റാരെങ്കിലും പറയുമോ?
ഇന്നലെ മുഖ്യമന്ത്രി ആര്.ബി ശ്രീകുമാറിന്റെ പുസ്തകം ഉദ്ധരിച്ചു. ഞാന്‍ ഇന്ന് കൃഷണന് മോഹന്‍ലാല്‍ എഴുതിയ ‘ഗുജറാത്ത്- തീവ്ര സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം ഉദ്ധരിക്കാം.
‘കലാപം തുടങ്ങിയ ഉടന്‍ അവര്‍ (ടീസ്റ്റ സെറ്റില്‍വാദ്) പരിചയമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ശബ്ന ആസ്മി, രാജ് ബബര്, അമര്‍ സിംഗ് എന്നിവരെയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തരമായി ഗുജറാത്തിലേക്കു പോകണമെന്നും ജനങ്ങളെ കാണണമെന്നും അവരോടു പറഞ്ഞു. എന്നാല്‍ യാചിക്കുന്ന പോലെ പറഞ്ഞിട്ടും അവര്‍ മടിച്ചുനിന്നു. വീണ്ടും ആവശ്യപ്പെട്ടു. നിങ്ങള്‍ ജനപ്രതിനിധികളല്ലേ അവരെ കാണാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്വമില്ലേ എന്നു ചോദിച്ചു. ഫാസിസം ആണ്, എങ്ങനെ പോകാന്‍? എന്ന് യെച്ചൂരി ചോദിച്ചു. ടീസ്റ്റ വിട്ടില്ല. നാലുപേരെയും മാറിമാറി വിളിച്ചു. ഒടുവില്‍ പോകാമെന്ന് അവര്‍ സമ്മതിച്ചു. അവിടെ താമസിക്കാന്‍ റിലയന്‍സുകാരോട് ഗസ്റ്റ് ഹൗസ് ഒരുക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് അമര്‍സിംഗ് പറഞ്ഞു. അതുപാടില്ല എന്നായി ടീസ്റ്റ. മുംബൈയില്‍ ഇരുന്നുതന്നെ അഹമ്മദാബാദിലെ സര്‍ക്യൂട്ട് ഹൗസ് ഇവര്‍ക്കായി ബുക്കു ചെയ്തു. പിന്നാലെ ടീസ്റ്റയും ഗുജറാത്തിലേക്ക് തിരിച്ചു.
യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. അവര്‍ എത്തിയപ്പോള്‍ തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. എന്നിട്ടു പറഞ്ഞു നിങ്ങള്‍ എന്തിനാണ് വന്നത്, ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. ഇതിനിടയില്‍ കമ്മീഷണറെ പോയി കാണണമെന്ന് ടീസ്റ്റ നിര്‍ബന്ധിച്ചു. കമ്മിഷണര്‍ പി.സി. പാണ്ഡെയുടെ ഓഫിസില്‍ അവര്‍ എത്തിയപ്പോള്‍ കമ്മിഷണര്‍ മുങ്ങി.
എങ്കില്‍ ജനങ്ങളുടെ ഇടയിലേക്കു പോകൂ എന്നായി ടീസ്റ്റ. പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. തിരിച്ചുപോകാന്‍ അവര്‍ തിടപക്കം കൂട്ടി. കാലുപിടിക്കുംപോലെ അവരോടു പറഞ്ഞു: നിങ്ങള്‍ സര്‍ക്യൂട്ട് ഹൗസില്‍ നില്ക്കൂ. കലാപബാധിതരായവരെ ഞാന്‍ അങ്ങോട്ടു കൊണ്ടുവരാം. പിറ്റേന്ന് രാവിലെ ഒമ്പതുമുതല്‍ 11 വരെ അവരുടെ പരാതി കേള്‍ക്കാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ എട്ടുമണിക്കുള്ള വിമാനത്തില്‍ സംഘം ഡല്‍ഹിയിലേക്കു പോയി. അവര്‍ മോദിയെ പേടിച്ചാണ് കടന്നുകളഞ്ഞതെന്ന് ടീസ്റ്റയ്ക്കു തോന്നി. അതൊരു തിരിച്ചറിവായിരുന്നു. കഷ്ടവും സങ്കടവും തോന്നി.
അപ്പോള്‍ പഴയ ഒരു കോണ്‍ഗ്രസുകാരനായ രാം മോഹന്‍ ത്രിപാഠിയെയാണ് ടീസ്റ്റ ഓര്‍ത്തത്. അദ്ദേഹം ടീസ്റ്റയോടു പറയുമായിരുന്നു എന്തു കലാപം നടക്കുമ്പോഴും നമ്മള് പുറത്തിറങ്ങണം. അല്ലെങ്കില്‍ രാഷ്ട്രീയനേതാവെന്നു പറഞ്ഞിരിക്കുന്നതില്‍ എന്താണ് അര്‍ഥം?’
ഇത് ടീസ്റ്റയുടെ വെളിപ്പെടുത്തലാണ്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദിയെ പേടിച്ച് മുങ്ങിയെന്നാണ് അവര്‍ പറയുന്നത്. കലാപബാധിതരെ കാണമെന്ന് ഉറപ്പ് നല്കിയവരാണ് രാവിലത്തെ വിമാനത്തില്‍ കയറി ഡല്‍ഹിയിലേക്ക് പോയത്. പിണറായി വടി കൊടുത്ത് അടി വാങ്ങുകയാണ്. കലാപ ബാധിതരെ കാണാതെ മുങ്ങിയത് സീതാറാം യെച്ചൂരിയാണെന്നാണ് ടീസ്റ്റ പറഞ്ഞിരിക്കുന്നത്. ഇനിയെങ്കിലും ഈ പണി നിര്‍ത്തി പൊയ്ക്കൂടെ. സിപിഎം കള്ളപ്രചരണമാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അധിക്ഷേപിച്ച് സംഘപരിവാറിന്റെ കൈയടി വാങ്ങി കേസ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇടനിലക്കാര്‍ തകര്‍ത്ത് പണിയെടുക്കുന്നുണ്ട്. അന്വേഷണം നടത്താതെ തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്.
സോളാര്‍ കേസ് സിബിഐ അന്വേഷിച്ചത് പോലെ ഈ കേസും അന്വേഷിക്കട്ടെ. പിണറായിടുടെ പടം വച്ച് മടിയില്‍ കനമില്ലെന്ന ബോര്‍ഡ് വച്ചാല്‍ പോര, അന്വേഷണം നടത്തി മടിയില്‍ കനമില്ലെന്ന് തെളിയിക്കുകയാണ് വേണ്ടത്. മടിയില്‍ കനമില്ലെന്ന് തെളിയിക്കണമെങ്കില്‍ വെപ്രാളവും ഭയവും ഇല്ലാതെ നിയമപരമായ വഴി തേടണം.
മാത്യു കുഴല്നാടന് പറഞ്ഞത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് ശരിയാണെന്ന് രേഖകള്‍ സഹിതം മാത്യു തെളിയിച്ചു. ക്ഷോഭിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഷോഭിക്കാതെയാണ് മാത്യു കുഴല്നാടന് തെളിവുകള്‍ ഹാജരാക്കിയത്. നിയമസഭയില്‍ പ്രതിപക്ഷം മോശമായ ഒരു വാക്കും ഉപയോഗിക്കാതെ വിഷയം അവതരിപ്പിക്കുകയാണ് ചെയ്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷാംഗങ്ങള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയില്‍ പിണറായിയെ സ്തുതിക്കുകയായിരുന്നു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം ക്ഷമയോടെ കേട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ പ്രസംഗിച്ചപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നിന്ന് തടസപ്പെടുത്തി. എല്ലാ ജനങ്ങള്‍ കാണുന്നുണ്ട് എന്ന ബോധ്യത്തോടെയാണ് പ്രതിപക്ഷം സംസാരിച്ചത്. ആരാണ് ബഹളം ഉണ്ടാക്കിയതെന്ന് ജനങ്ങള്‍ ലൈവായി കണ്ടു.
പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഭരണകക്ഷി പ്രതിനിധികള്‍ എത്താതിരുന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. യുഡിഎഫ് നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് 20 മന്ത്രിമാരില്‍ ആരും വിമാനത്താവളത്തില്‍ എത്തിയില്ല. മോദിയെ ഭയന്നിട്ടാണോ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ എത്താതിരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.