സി.ബി.ഐ അന്വേഷണത്തെ സി.പിഎം ഭയപ്പെടുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Sunday, October 25, 2020

Mullapaplly-Ramachandran

സി.ബി.ഐ അന്വേഷണത്തെ സി.പിഎം ഭയപ്പെടുന്നെന്നും അതുകൊണ്ടാണ്‌ അവരുടെ മുന്‍കൂര്‍ പ്രവര്‍ത്താനുമതി പിന്‍വലിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്താരാഷ്ട്രമാനമുള്ള സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്‌തവരാണ്‌ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും.മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്‌. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബാംഗങ്ങളും പാര്‍ശ്വവര്‍ത്തികളും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്‌ ഇക്കൂട്ടരുടെ അലമാരകളിലെ അസ്ഥികൂടങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നതിനാലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിന്‌ തടയിടുന്ന കേരള സര്‍ക്കാരിന്റെ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സിപിഎം ദേശീയ നേതൃത്വം നിലപാട്‌ വ്യക്തമാക്കണം.ഇത്‌ സിപിഎം ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടുകൂടിയാണോ?പശ്ചിമബംഗാളിലെ ശാരദ ചിട്ടിഫണ്ട്‌ തട്ടിപ്പ്‌ ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളിലും മറ്റും സി.ബി.ഐ അന്വേഷണം സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്‌. സിപിഎമ്മിന്റെ പെട്ടന്നുള്ള നിലപാട്‌ മാറ്റം വിശദീകരിക്കണം.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എന്തിനാണ്‌ എതിര്‍ക്കുന്നത്‌?സ്വന്തം നിഴലിനെപ്പോലും മുഖ്യമന്ത്രിക്ക്‌ ഭയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിപിഎമ്മുകാര്‍ പ്രതികളാകുന്ന കേസുകളിലാണ്‌ സി.ബി.ഐ അന്വേഷണത്തെ അവര്‍ ശക്തമായി എതിര്‍ക്കുന്നത്‌.ഷുഹൈബ്‌ വധം,പെരിയ ഇരട്ടക്കൊല,ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ്‌ എന്നിവയില്‍ നികുതിദായകന്‍റെ കോടികള്‍ പൊടിച്ച്‌ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത്‌ പ്രതിസ്ഥാനത്ത്‌ സിപിഎമ്മുകാര്‍ ആയതിനാലാണ്‌. അതേസമയം വെഞ്ഞാറമൂട്‌ ഇരട്ടക്കൊലയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട്‌ മുഖ്യമന്ത്രി മുഖം തിരിക്കുകയും ചെയ്യുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര്‌ സിപിഎം ദുരുപയോഗം ചെയ്യുകയാണ്‌.ബിജെപി അധികാരത്തില്‍ വന്നശേഷം ഉത്തരേന്ത്യയില്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇത്തരം ഏജന്‍സികളെ ഉപയോഗിക്കുന്നുണ്ട്‌. രാഹുല്‍ഗാന്ധി അതാണ്‌ ചൂണ്ടികാട്ടിയത്‌.ഇതിനെ കേരളത്തിലെ സാഹചര്യവുമായി തുലനം ചെയ്യരുത്‌.ഉത്തരേന്ത്യയിലേതിന്‌ സമാനമായ സാഹചര്യമല്ല കേരളത്തിലേത്‌.അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്ന സര്‍ക്കാരാണ്‌ കേരളത്തിലേത്‌. അവര്‍ക്ക്‌ ഒളിച്ചുവയ്‌ക്കാന്‍ പലതുമുണ്ട്‌.അന്താരാഷ്ട്രമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുക്കേസും കോടികളുടെ വിദേശ കറന്‍സി ഇടപാട്‌ നടന്ന ലൈഫ്‌ മിഷന്‍ ഇടപാടും അന്വേഷിക്കേണ്ടത്‌ കേന്ദ്ര ഏജന്‍സികള്‍ തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത പാരമ്പര്യം കോണ്‍ഗ്രസിനില്ല.തരാതരം വര്‍ഗീയതയെ പുണരുന്നവരാണ്‌ സിപിഎമ്മുകാര്‍. അത്‌ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.ജനസംഘവും ആര്‍.എസ്‌.എസും ഉള്‍പ്പെടെ തീവ്രഹിന്ദുത്വ സംഘടനകളുമായി സിപിഎമ്മിന്‌ നല്ല ബന്ധമാണ്‌. അത്‌ അറുത്തുമാറ്റാന്‍ നാളിതുവരെ സിപിഎം തയ്യാറായിട്ടില്ല.ദേശീയതലത്തില്‍ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം 59 ഗ്രാമപഞ്ചായത്തുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി.തുടര്‍ന്ന്‌ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 115 സീറ്റുകളിലും സിപിഎം ധാരണയുണ്ടാക്കി.ഈ വസ്‌തുത മറച്ചുവെച്ചാണ്‌ സിപിഎം വ്യാജപ്രചരണം നടത്തുന്നത്‌.തന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ സിപിഎം യുഡിഎഫ്‌ ഭരണം അട്ടിമറിച്ചത്‌ എസ്‌ഡിപിഐയുമായി ചേര്‍ന്നാണ്‌.തലസ്ഥാനജില്ലയില്‍ വിവിധ ഇടങ്ങളില്‍ സിപിഎമ്മും എസ്‌ഡിപിഐയും തമ്മിലുള്ള സഖ്യകക്ഷി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവരെയെല്ലാം ഒപ്പം നിര്‍ത്തി വഞ്ചിച്ചവരാണ്‌ സിപിഎമ്മുകാര്‍.തുടര്‍ന്നും സഖ്യത്തിലേര്‍പ്പെടാന്‍ അവര്‍ വിസമ്മതിച്ചപ്പോഴാണ്‌ മുന്തിരി പുളിക്കുമെന്ന കുറുക്കന്റെ സമീപനം സിപിഎം സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.