മേയർക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുത്തത് നിസാര വകുപ്പുകള്‍ ചുമത്തി; കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

Monday, May 6, 2024

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നടുറോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി കോടതി
ഇന്ന് പരിഗണിക്കും. മേയർക്കെതിരെ പലകുറി യദു പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.

ഇതിനിടയിൽ ഈ വിഷയത്തിലെ പൊതു താൽപര്യ ഹർജിയിലെ കോടതി ഇടപെടലിനെ തുടർന്ന് മേയർക്കും എംഎൽഎക്കും എതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകൾ ചുമത്തിയത് വിവാദമായിരിക്കുകയാണ്. കേസെടുത്ത കാര്യം പോലീസും നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന കാര്യം യദുവും ഇന്ന് കോടതിയെ അറിയിക്കും.

ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോണ്‍മെന്‍റ് പോലീസ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസെടുത്തിരുന്നു. കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞ സംഭവത്തില്‍ എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, പരിശോധിച്ച് നടപടിയെടുക്കാന്‍ കന്‍റോണ്‍മെന്‍റ് പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

അന്യായമായി സംഘംചേരല്‍, ഗതാഗതതടസമുണ്ടാക്കല്‍, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മേയറും സംഘവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേരേ ബലപ്രയോഗം നടത്തി, റോഡില്‍ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ പെരുമാറി, ഗതാഗതതടസമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു എന്നിവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്നാണ് ആക്ഷേപം. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം ബസിലെ സിസി ടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവം ദുരൂഹമായി തുടരുകയാണ്. അതിനിടെ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പോലീസും രംഗത്തെത്തി. തർക്കമുണ്ടായ ദിവസം യാത്രയ്ക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ് കണ്ടെത്തി. യദുവിനെതിരായ നടി റോഷ്നയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ശക്തമാക്കി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും എന്നാലും പിന്നോട്ടില്ലെന്നും യദു മാധ്യമങ്ങളോട് പ്രതികരിച്ചു.