‘സാധാരണക്കാർക്ക് യാത്ര ചെയ്യേണ്ടേ?’ മുഖ്യമന്ത്രിക്കായി റോഡ് തടഞ്ഞ സംഭവത്തില്‍ പോലീസിനെ വിളിച്ചുവരുത്തി റിപ്പോർട്ട് തേടി കോടതി

Monday, February 13, 2023

 

കോട്ടയം: മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനായി റോഡ് തടഞ്ഞ സംഭവത്തിൽ കുറവിലങ്ങാട് എസ്എച്ച്ഒയോട് റിപ്പോർട്ട്‌ തേടി പാലാ ഫസ്റ്റ് ക്ലാസ്‌ ജുഡിഷ്യൽ മാജിസ്‌ട്രേറ്റ് കോടതി. പാലാ കോഴ ഭാഗത്താണ് വെള്ളിയാഴ്ച വാഹനങ്ങൾ തടയുകയും അകമ്പടി വാഹനങ്ങൾ അമിതവേഗത്തിൽ പോവുകയും ചെയ്തത്. മജിസ്ട്രേറ്റിന്‍റെ വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെടുത്തുന്ന തരത്തിലായിരുന്നു പോലീസ് വാഹനങ്ങൾ കടന്നുപോയത്. മൂന്നിടങ്ങളിലായി വാഹനങ്ങൾ ഇത്തരത്തിൽ തടഞ്ഞിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് കുറവിലങ്ങാട് എസ്എച്ച്ഒയെ കോടതിയിൽ വിളിച്ചുവരുത്തി ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി എസ്എച്ച്ഒയോട് ചോദിച്ചു. ഈ മാസം 17 ന് മുമ്പ് വിഷയവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും എസ്എച്ച്ഒയോട് കോടതി നിർദ്ദേശിച്ചു.