സർക്കാർ ജീപ്പ് കത്തിച്ചെന്ന കേസിൽ പ്രതി ചേർത്ത കോൺഗ്രസ് നേതാക്കളെ വെറുതെ വിട്ട് കോടതി

Friday, March 25, 2022

തിരുവനന്തപുരം: സർക്കാർ ജീപ്പ് കത്തിച്ച കേസിൽ പോലീസ് പ്രതി ചേർത്ത ഡിസിസി വൈസ് പ്രസിഡന്റ്‌ എസ്. ജലീൽ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി എംജെ ആനന്ദ് എന്നിവരെ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി വെറുതെ വിട്ടു.

2007 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായാണ് കേസ് എടുത്തത്. വെള്ളയമ്പലത്ത് സർക്കാർ ജീപ്പ് കത്തിച്ചെന്ന കേസിൽ അന്ന് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന ജലീൽ മുഹമ്മദിനെയും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന എംജെ ആനന്ദിനെയും പ്രതിയാക്കി മ്യൂസിയം പോലീസാണ് കേസെടുത്തത്. (കേസ് നമ്പർ SC 1272/2011). 2011 ൽ കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും പ്രിൻസിപ്പൽ സബ് കോടതിയിലേക്ക് മാറ്റിയിരുന്നു.