‘മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകൾക്ക് തീറെഴുതി’; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Jaihind Webdesk
Sunday, June 23, 2024

 

ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മോദി സർക്കാർ തീറെഴുതിക്കൊടുത്തു. കുട്ടികളുടെ ഭാവി യോ​ഗ്യതയില്ലാത്തവരുടെയും അത്യാ​ഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും രാജ്യത്തെ പരീക്ഷാ നടത്തിപ്പിന്‍റെ അവസ്ഥ ഇപ്പോള്‍ ഇതാണെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചു.

ക്യാമ്പസുകളിൽനിന്നും വിദ്യാഭ്യാസം ഇല്ലാതായെന്നും ​ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താന്‍ കഴിയാത്തവരാണ് ബിജെപി സർക്കാർ. പ്രധാമന്ത്രി നരേന്ദ്ര മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

“ഇന്ന് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷകളുടെ അവസ്ഥ ഇതാണ്.

NEET-UG :- പേപ്പർ ചോർച്ച
NEET-PG :- റദ്ദാക്കി
UGC-NET :- റദ്ദാക്കി
CSIR-NET :- റദ്ദാക്കി

ബിജെപി ഭരണത്തിൽ വിദ്യാഭ്യാസ സമ്പ്രദായം മുഴുവൻ മാഫിയകൾക്കും അഴിമതിക്കാർക്കും കൈമാറി. രാജ്യത്തിന്‍റെ വിദ്യാഭ്യാസവും കുട്ടികളുടെ ഭാവിയും അത്യാഗ്രഹികളുടെയും, കഴിവുകെട്ടവരുടെയും കൈകളിൽ ഏൽപ്പിക്കുക എന്ന രാഷ്ട്രീയ പിടിവാശിയുടെയും ധിക്കാരത്തിന്‍റെയും ഫലം പേപ്പർ ചോർച്ചയും പരീക്ഷ റദ്ദാക്കലും ക്യാമ്പസുകളിൽ നിന്ന് വിദ്യാഭ്യാസം അന്യമാക്കലും രാഷ്ട്രീയ ഗുണ്ടായിസവുമാണ്.

ഒരു പരീക്ഷ പോലും വൃത്തിയായി നടത്താൻ ബിജെപി സർക്കാരിന് സാധിക്കാത്ത സ്ഥിതിയായി. ഇന്ന് യുവാക്കളുടെ ഭാവിക്ക് ഏറ്റവും വലിയ തടസമായി ബിജെപി സർക്കാർ മാറിയിരിക്കുന്നു. ബിജെപിയുടെ അഴിമതിക്കെതിരെ പോരാടാൻ രാജ്യത്തെ യുവാക്കൾ തങ്ങളുടെ വിലപ്പെട്ട സമയവും ഊർജവും പാഴാക്കുമ്പോള്‍ മോദി ജി കാഴ്ച കണ്ടു രസിക്കുന്നു” – പ്രിയങ്ക എക്സില്‍ കുറിച്ചു.