WAYANAD| ഉരുള്‍ ദുരന്തത്തില്‍ ഓര്‍മ്മ പുതുക്കി നാട്; സ്മൃതി കൂടാരത്തില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി

Jaihind News Bureau
Wednesday, July 30, 2025

മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് പുത്തുമലയിലെ ഹൃദയഭൂമിയില്‍ ഓര്‍മ്മപുതുക്കി നാട്. ഉരുള്‍ കവര്‍ന്നെടുത്തവരുടെ ഫോട്ടോകള്‍ പതിപ്പിച്ച സ്മൃതി കൂടാരത്തില്‍ ആയിരങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍വ്വമതപ്രാര്‍ത്ഥനയില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു.

ഒറ്റരാത്രികൊണ്ട് ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍. അനാഥത്തിന്റെ ഒരു വര്‍ഷം.പുഞ്ചിരിമട്ടത്തെയും , മുണ്ടകൈയേയും തകര്‍ത്ത് പുന്നപുഴകുത്തിയൊലിച്ച് ചാലിയാറിലേക്ക്. ദുരന്തഭുമിയില്‍ ജീവന്‍പൊലിഞ്ഞവരെ അടക്കംചെയ്ത ഹൃദയഭൂമിയില്‍ കുടിരങ്ങള്‍ക്ക് മുന്നില്‍ ഒരുനാട് വിങ്ങലോടെ കൈകുപ്പിനിന്നു. പൂക്കളും മിഠായികളും കളിപ്പാട്ടങ്ങളും അര്‍പ്പിച്ചവര്‍ ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിലൊതുക്കി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. മരണമടഞ്ഞ 298 ആളുകളുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ പ്രിയപ്പെട്ടവരെ തിരയുന്നവര്‍ കണ്ണീര്‍ കാഴ്ചയായി.

പ്രാര്‍ത്ഥനകളും പുഷ്പാര്‍ച്ചനകളുമായി അതിരാവിലെ തന്നെ ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് പലായനം ചെയ്യപ്പെട്ടവര്‍ ഒഴുകിയെത്തി. കലണ്ടര്‍ വര്‍ഷങ്ങള്‍ മാറുമ്പോഴും ജൂലൈ 30 ഒരുതീരാനോവായി ഒരുനാടിന്റെ ഇടനെഞ്ചിലുണ്ടാകും.