‘രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു’; ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ഭരണനൈപുണ്യത്തെ പുകഴ്ത്തി ഗഡ്കരി

Jaihind Webdesk
Wednesday, November 9, 2022

 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ പുകഴ്ത്തി  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മന്‍മോഹന്‍ സിംഗിനോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് ഗഡ്കരി പറഞ്ഞു. ഡൽഹിയിലെ ഒരു അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്‍മോഹന്‍ സിംഗിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളെ ഗഡ്കരി പ്രകീർത്തിച്ചത്.

ഡോ. മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളിൽ രാജ്യം എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഗഡ്കരി പറഞ്ഞത്. 1991 ൽ ധനമന്ത്രിയായിരിക്കെ മൻമോഹൻ സിംഗ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിച്ചു. അത് ഉദാര സാമ്പത്തിക നയങ്ങളിലേക്കാണ് വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കും. ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഉദാര സാമ്പത്തിക നയങ്ങൾ കർഷകർക്കും ദരിദ്രർക്കും വേണ്ടിയാണെന്നും ഗഡ്കരി പറഞ്ഞു.

ഡോ. മൻമോഹൻ സിംഗിന്‍റെ സാമ്പത്തിക നയങ്ങൾ മന്ത്രിയായിരിക്കെ തനിക്ക് സഹായകരമായതിനെക്കുറിച്ചും ഗഡ്കരി ഓർത്തെടുത്തു. മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോൾ റോഡുകൾ നിർമിക്കാൻ പണം കണ്ടെത്താൻ അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്‍റെ സാമ്പത്തിക നയങ്ങൾ വഴികാട്ടിയെന്ന് ഗഡ്കരി പറഞ്ഞു.