‘രാജ്യത്തിന് ആവശ്യം പ്രാണവായു, മോദിക്കുള്ള ഭവനപദ്ധതിയല്ല’ ; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, May 9, 2021

രാജ്യത്ത് കൊവിഡ് അതിതീവ്രമായി പടർന്നുപിടിക്കുന്നതും പ്രാണവായു കിട്ടാതെ ജനം മരണത്തിന് കീഴടങ്ങേണ്ടിവരുന്നതും കണ്ടില്ലെന്ന് നടിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി മുടക്കം കൂടാതെ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യം ഓക്സിജന്‍ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മഹാമാരിയായ കൊവിഡിനെ പ്രതിരോധിക്കുന്നതിലും ജനങ്ങള്‍ക്ക് പ്രാണവായു ഉറപ്പാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കേന്ദ്രം പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നതായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യത്ത് കൊവിഡ് ദുരിതത്തില്‍ ജനം വലയുമ്പോള്‍ ഡല്‍ഹിയില്‍ ഭരണസിരാകേന്ദ്രം മോടിപിടിപ്പിക്കാനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുകയാണ്. അവശ്യസര്‍വീസ് എന്ന നിലയിലാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെയടക്കം ഡല്‍ഹിയിലെ ആശുപത്രികളില്‍ നിരവധി പേര്‍ മരിച്ചുവീഴുമ്പോള്‍ പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ വ്യാപകവിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്.

വാക്സിൻ വിതരണവും ഓക്സിജൻ ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ വിതരണവും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുടങ്ങിയിരിക്കുന്നതിനിടെയാണ്  തലസ്ഥാന നഗരം മോടി പിടിപ്പിക്കാൻ കോടികൾ ചെലവിടുന്നത്. നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയിൽ 10 മന്ദിരമാണുള്ളത്. 20,000 കോടി രൂപയിലേറെയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. പ്രതിസന്ധിക്കാലത്തെ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നാണ് ഉയരുന്നത്.

അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളില്‍ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,092 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇരുപത്തിനാല് മണിക്കൂറിനിടെ 3,86,444 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,83,17,404 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 24 മണിക്കൂറിനിടെ 4092 പേരാണ് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2,42,362 ആയി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് 16,94,39,663 പേരാണ് ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചത്.