ന്യൂഡല്‍ഹി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ‘കരിനിയമങ്ങള്‍’ ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഈ നീക്കം രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് തുല്യമാണെന്നും, ഇത് ഭരണഘടനയ്ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഗുരുതരമായ കുറ്റങ്ങളില്‍ 30 ദിവസം ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രിമാരെയോ മുഖ്യമന്ത്രിമാരെയോ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് വിവാദ ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
പ്രതിഷേധസൂചകമായി കറുത്ത ടീ-ഷര്‍ട്ട് ധരിച്ച് മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ‘നമ്മള്‍ മധ്യകാലഘട്ടത്തിലേക്ക് തിരികെ പോവുകയാണ്. അന്ന് രാജാവിന് ഇഷ്ടമില്ലാത്ത ആരുടെയെങ്കിലും മുഖം കണ്ടാല്‍, അല്ലെങ്കില്‍ ആരെങ്കിലും ഇഷ്ടക്കേട് സമ്പാദിച്ചാല്‍, അവരെ എപ്പോള്‍ വേണമെങ്കിലും സ്ഥാനത്തുനിന്ന് നീക്കാന്‍ കഴിയുമായിരുന്നു. അതേപോലെ, ഇന്ന് ഇഡി-യെ ഉപയോഗിച്ച് ആരെയും അറസ്റ്റ് ചെയ്യാനും, 30 ദിവസത്തിനകം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ പുറത്താക്കാനും കഴിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.
രാജ്യത്തിന്റെ മുന്‍ ഉപരാഷ്ട്രപതി രാജിവച്ച ശേഷം ഇതുവരെ ആരും കണ്ടിട്ടില്ല. എവിടെയാണ് അ്‌ദ്ദേഹം ഒളിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ ചെയ്യേണ്ടിവരുന്നത്. ഒരു വാക്കു പോലും അദ്ദേഹത്തിന് പറയാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്…. ഏതു തരത്തിലുള്ള കാലത്താണ് നാം ജീവിക്കുന്നത്.. ? രാഹുല്‍ ഗാന്ധി ചോദിച്ചു.
‘ഇപ്പോള്‍ നടക്കുന്നത് ഭരണഘടനയെ ആക്രമിക്കുന്നവരും അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള ഒരു യുദ്ധമാണ്,’ എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടനാ (130ാം ഭേദഗതി) ബില്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്റ് (ഭേദഗതി) ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിച്ചപ്പോള്‍, സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷ എംപിമാര്‍ ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു.
അമിത് ഷായുടെ അറസ്റ്റ് ഓര്‍മ്മിപ്പിച്ച് കെ.സി. വേണുഗോപാല്‍
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബില്ലുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ‘ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നു. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റിലായി. അന്ന് അദ്ദേഹം ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചോ?’ എന്ന് വേണുഗോപാല്‍ ചോദിച്ചു. ഇത് പ്രതിപക്ഷ നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് അദ്ദേഹം ആരോപിച്ചു.
ബില്ലിലെ അപകടകരമായ വ്യവസ്ഥകള്‍
പുതിയ നിയമപ്രകാരം, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍, 31-ാം ദിവസം അവര്‍ക്ക് തല്‍സ്ഥാനം നഷ്ടമാകും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മന്ത്രി വി. സെന്തില്‍ ബാലാജി തുടങ്ങിയവരുടെ അറസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നീക്കത്തെ ന്യായീകരിക്കുന്നതെങ്കിലും, ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം പ്രതിപക്ഷ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഈ നിയമം ഉപയോഗിച്ച്, തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ച് അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഒരു സ്ഥിരം സംവിധാനം സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.