രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണം രാജ്യത്തൊട്ടാകെ അലയടിക്കുമ്പോള്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് ഇപ്പോഴും മൗനം തുടരുകയാണ്. വോട്ട് ചോരി വിവാദത്തില്‍ രാജ്യം കത്തി നില്‍ക്കുമ്പോഴാണ് ഇങ്ങ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മൗനം. ആ മനസ്സിലെന്താണെന്ന് ഗ്രഹിക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല. മോദിക്ക് വേദനിക്കുന്ന ആരോപണങ്ങളില്‍ പൊതുവെ പിണറായി മറുപടി പറയാറില്ല. ഇത് ആദ്യത്തെ സംഭവവുമല്ല. ഇതിനു മുമ്പും വിവാദങ്ങള്‍ മോദിയെ പിടിച്ചു കുലുക്കിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോഴൊക്കെ പിണറായി മൗനം കാട്ടിയാണ് പിന്തുണ നല്‍കിയത്.
എന്നാല്‍, പാര്‍ട്ടിയില്‍ നിന്നും പല വിഭാഗക്കാര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ഇത്തരം നിലപാടുകള്‍. പ്രത്യക്ഷത്തില്‍ പിന്തുണയായി ഒരു വാക്ക് പറയാന്‍ പോലും പിണറായി ശ്രമിക്കുന്നില്ല. ഇതൊരു രാഷ്ട്രീയ പോരല്ലെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള സമരമാണെന്നും വ്യക്തമാക്കിയുള്ള ഒരു തുറന്ന പോരാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ രാഷ്ട്രീയ ചിന്തകള്‍ക്ക് സ്ഥാനമില്ല. എന്നാല്‍, രാജ്യം വിറങ്ങലിച്ച രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തെ അപ്രധാനമായിട്ടാണ് പിണറായി കാണുന്നതെന്നതിന്റെ തെളിവാണ് ദേശാഭിമാനിയില്‍ ചെറിയ തലക്കെട്ടോടെ വന്ന വാര്‍ത്ത. ഇതും പിണറായിയുടെ മൗനവുമായി കൂട്ടിച്ചേര്‍ത്താണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.