ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ് ചിത്ര പുതിയ ഡയറക്ടർ

Jaihind News Bureau
Wednesday, March 25, 2020

സി.പി.എം നേതാവ് ടി.എൻ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുന്‍ ഉത്തരവ് സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചത്. ജയരാജിനെ സ്ഥാനത്തുനിന്ന് നീക്കുന്നതായ ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പുറപ്പെടുവിച്ചു.

തുടക്കത്തിൽ സിപിഎമ്മിനെതിരായ ബന്ധുനിയമന ആരോപണം കണ്ടില്ലെന്ന് നടിച്ച സർക്കാർ ഒടുവിൽ ഉത്തരവ് പിൻവലിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഡോക്ടര്‍ ചിത്ര ഐ.എ.എസാണ് പുതിയ ഡയറക്ടര്‍. ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിൽ സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എം.ആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്.

ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കും. എൽ.ഡി.എഫ് ഭരണം വീണ്ടും വരുമ്പോൾ താൻ ഈ സ്ഥാനത്തുതന്നെ ഉണ്ടാവുമെന്നും ജയരാജൻ പറഞ്ഞിരുന്നു. സി ഡിറ്റ് ജീവനക്കാരുടെ യോഗത്തിലെ ജയരാജിന്‍റെ വെല്ലുവിളി.  മാർച്ച് 26നുള്ളിൽ ജയരാജിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈക്കോടതിയിൽ എത്തിക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഫയൽ ഹൈക്കോടതിക്ക് മുന്നിലെത്തിയാൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് സർക്കാര്‍ ജയരാജിനെ കൈവിട്ടത്.