സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു പിന്നില്‍ ഗൂഢാലോചന ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തത്തിന് പിന്നില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  തീപിടിത്തവുമായി ബന്ധപ്പെട്ട സത്യങ്ങൾ മൂടിവെക്കാനുള്ള സര്ക്കാരിന്‍റെ എല്ലാ ശ്രമങ്ങളും ഫോറന്സിക് റിപ്പോര്ട്ട് പുറത്തു വന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിത്തമെങ്കില്‍ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അടച്ചിട്ടിരുന്ന മുറിയിലെ ഫാന്‍ എങ്ങനെ ഉരുകി താഴെ വീണ് തീപിടിക്കുമെന്ന് പ്രതിപക്ഷം അന്നേ ചോദിച്ചിരുന്നതാണ്. ഫയലുകള്‍ മത്രമാണ് കത്തിയത്. അവിടെ ഇരുന്ന എളുപ്പം തീപിടിക്കാവുന്ന സാനിറ്റൈസര്‍ പോലും കത്തിയില്ലെന്നാണ് കോടതിയില്‍ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ട്.

ഈ സംഭവത്തില്‍ പ്രതിപക്ഷവും മാധ്യമങ്ങളും കള്ളക്കഥകള്‍ മെനയുകയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രിക്ക് ഇനി എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാരാണിത്. പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണിപ്പോള്‍. ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ  വെളിച്ചത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

https://www.facebook.com/rameshchennithala/photos/a.163041093754405/3566275846764229/