കോണ്‍ഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു: 39 പേര്‍ പട്ടികയില്‍; 32 സ്ഥിരം ക്ഷണിതാക്കള്‍

Jaihind Webdesk
Sunday, August 20, 2023

 

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും എ.കെ. ആന്‍റണിയും കെ.സി. വേണുഗോപാലും ഡോ. ശശി തരൂറും പ്രവര്‍ത്തക സമിതി അംഗങ്ങളായി. രമേശ് ചെന്നിത്തല പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാക്കി.

39 പ്രവര്‍ത്തക സമിതി അംഗങ്ങള്‍, 18 സ്ഥിരം ക്ഷണിതാക്കള്‍, 14 ചുമതലക്കാര്‍, 9 പ്രത്യേക ക്ഷണിതാക്കള്‍, നാല് എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് പുതിയ പ്രവര്‍ത്തക സമിതി. കേരളത്തില്‍ നിന്നും അഞ്ചു പേരാണ് പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു. ഇതില്‍ എ.കെ. ആന്‍റണി, കെ.സി. വേണുഗോപാല്‍, ഡോ. ശശി തരൂര്‍ എന്നിവര്‍ വോട്ടവകാശമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, പ്രിയങ്കാ ഗാന്ധി, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, പി. ചിദംബരം, താരിഖ് അന്‍വര്‍, മുകുള്‍ വാസ്‌നിക്, ജയ്റാം രമേശ്, അംബികാ സോണി തുടങ്ങിയവരാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന പ്രമുഖര്‍.

രാജസ്ഥാന്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ പ്രവര്‍ത്തക സമിതി അംഗമാക്കി. രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരി, വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പവന്‍കുമാര്‍ ബെന്‍സാല്‍ തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളാണ്. ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പുതിയ പ്രവര്‍ത്തക സമിതിയിലേക്കുള്ള വോട്ടെടുപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് പുതിയ അംഗങ്ങളെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തികൊണ്ട് പ്ലീനറി സമ്മേളനം പ്രമേയം പാസാക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. പരിചയ സമ്പന്നര്‍ക്കും പുതുമുഖങ്ങള്‍ക്കും ഒരുപോലെ അവസരം നല്‍കിയുള്ളതാണ് പുനഃസംഘടന.

പ്രവർത്തക സമിതി അംഗങ്ങൾ

മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി‍, എ.കെ. ആന്‍റണി, അംബിക സോണി, മീരാ കുമാർ, ദിഗ്‌വിജയ് സിംഗ്, പി. ചിദംബരം, താരിഖ് അൻവർ, ലാൽ തനവാല, മുകുൾ വാസ്‌നിക്, ആനന്ദ് ശർമ, അശോക് റാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിംഗ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെൽജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂർ, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിംഗ്, രൺദീപ് സിംഗ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോർ, ജി.എ. മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിംഗ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീർ ഹുസൈൻ, കമലേശ്വർ പട്ടേൽ, കെ.സി. വേണുഗോപാൽ.

സ്ഥിരം ക്ഷണിതാക്കള്‍:

വീരപ്പ മൊയ്‌ലി, ഹരീഷ് റാവത്ത്, പവൻകുമാർ ബൻസാൽ, രമേശ് ചെന്നിത്തല, ബി.കെ. ഹരിപ്രസാദ്, പ്രതിഭാ സിംഗ്, മനീഷ് തിവാരി, താരിഖ് ഹമീദ് കാര, ദീപേന്ദർ സിംഗ് ഹൂഡ, ഗിരീഷ് രായ ചോഡാങ്കർ, ടി. സുബ്ബറാമി റെഡ്ഡി, കെ. രാജു, ചന്ദ്രകാന്ത് ഹൻഡോരെ, മീനാക്ഷി നടരാജൻ, ഫുലോദേവി നേതം, ദാമോദർ രാജാ നരസിംഹ, സുദീപ് റോയ് ബർമൻ, ഡോ. എ. ചെല്ലകുമാർ, ഭക്ത ചരൺ ദാസ്, ഡോ. അജോയ് കുമാർ, ഹരീഷ് ചൗധരി, രാജീവ് ശുക്ല, മാണിക്കം ടാഗോർ, സുഖ്‌വീന്ദർ രൺധാവ, മാണിക്‌റാവു താക്കറെ, രജനി പട്ടേൽ, കനയ്യ കുമാർ, ഗുർദീപ് സാപ്പൽ, സച്ചിൻ റാവു, ദേവേന്ദർ യാദവ്, മനീഷ് ചത്രാത്ത്‌.

പ്രത്യേക ക്ഷണിതാക്കള്‍:

പള്ളം രാജു, പവൻ ഖേര, ഗണേഷ് ഗോദിയാൽ, കൊടിക്കുന്നിൽ സുരേഷ്, യശോമതി താക്കൂർ, സുപ്രിയ ഷ്രിനാറ്റെ, പ്രിണീതി ഷ്രിൻഡെ, അൽക്ക ലാംബ, വംശി ചന്ദ് റെഡ്ഡി, ബി.വി. ശ്രീനിവാസ്, നീരജ് കുന്ദൻ, നെറ്റ ഡിസൂസ, ലാൽജി ദേശായി.