കോണ്‍ഗ്രസ് പാർട്ടി ആ കൈകളില്‍ സുരക്ഷിതം ; സോണിയാ ഗാന്ധിക്ക് എം.കെ രാഘവന്‍ എം.പിയുടെ കത്ത്

Jaihind News Bureau
Sunday, August 23, 2020

 

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പൂർണ്ണ പിന്തുണ അറിയിച്ച് എം.കെ രാഘവന്‍ എം.പിയുടെ കത്ത്. സോണിയാ ഗാന്ധിയുടെ കരങ്ങളില്‍ കോണ്‍ഗ്രസ് പാർട്ടി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും അജണ്ടകളെയും എതിർക്കാനും ഫാസിസത്തെ ചോദ്യം ചെയ്യാനും സോണിയാ ഗാന്ധിയുടെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാർട്ടിക്ക് കഴിയുന്നുണ്ട്. കേന്ദ്ര സർക്കാരിനെ മുള്‍മുനയില്‍ നിർത്താന്‍ രാഹുല്‍ ഗാന്ധി നിരന്തരം ഉയർത്തുന്ന ചോദ്യങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കുന്ന സോണിയാ ഗാന്ധിക്ക് പൂർണ്ണ പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് പ്രവർത്തകരുടെ കോണ്‍ഗ്രസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവിതം തന്നെ പാർട്ടിക്കായി മാറ്റിവെച്ചയാളാണ് താങ്കള്‍. ഇപ്പോഴും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചുകൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധി ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിർക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്യുന്നു. അത് കൊറോണയാണെങ്കിലും, ചൈനീസ് കടന്നുകയറ്റം, സാമ്പത്തിക തകർച്ച തുടങ്ങി എന്ത് പ്രശ്നങ്ങളിലും സർക്കാരിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടാനും മോദി സർക്കാരിനെ ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ട്. നിങ്ങള്‍ ഒന്നിച്ചു നിന്ന് നയിക്കുന്ന പോരാട്ടങ്ങള്‍ ശക്തിമത്താണെന്ന് മാത്രമല്ല അതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികച്ചും സന്തുഷ്ടരാണെന്നും എം.കെ രാഘവന്‍ എം.പി കത്തില്‍ കുറിച്ചു. നേതൃത്വത്തെ സംബന്ധിച്ച് ചോദ്യങ്ങളുയർന്ന സാഹചര്യത്തിലാണ് എം.കെ രാഘവന്‍ എം.പിയുടെ കത്ത്.