വനിതാ നേതാവിന്‍റെ പരാതി; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കും

Jaihind Webdesk
Wednesday, August 2, 2023

തൃശൂര്‍: ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കും.
വൈശാഖനെ ഏരിയാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്താനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു.
ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനം എടുക്കും. വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂർ സി പി എമ്മിൽ പുകഞ്ഞു കൊണ്ടിരുന്ന വിഷയത്തിൽ ഒടുവിൽ പാർട്ടി കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചാനൽ ചർച്ചകളിലെ സി പി എം മുഖമായിരുന്ന എൻ വി വൈശാഖനെതിരെ ഉയർന്ന ലൈംഗിക ആരോപണം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
തുടർന്ന് ഡിവൈഎഫ്ഐ ജാഥാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വൈശാഖനെ മാറ്റി. എന്നാൽ അസുഖത്തെ തുടർന്ന് സ്വയം മാറിയതാണെന്നായിരുന്നു വൈശാഖന്റെ ന്യായീകരണം. ജാഥയുടെ ഉദ്ഘാടനത്തിന് വൈശാഖൻ എത്തിയതും വിവാദമായി. ഇതിനിടയിൽ വനിതാ നേതാവിന്റെ പരാതി സംസ്ഥാന നേതൃത്വത്തിന് മുന്നിൽ എത്തി. വിഷയം ചർച്ച ചെയ്ത ജില്ലാ സെക്രട്ടേറിയറ്റ് എൻ.വി. വൈശാഖനെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ തീരുമാനിച്ചു. നിലവിൽ സി പി എം കൊടകര ഏരിയ കമ്മിറ്റി അംഗമായ വൈശാഖനെ തരം താഴ്ത്താൻ സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ നൽകിയിട്ടുമുണ്ട്.
ഏറെ കാലമായി തൃശൂർ ജില്ല ഡിവൈഎഫ്ഐയിൽ വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമാണ്. സാമ്പത്തിക തിരിമറി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചില നേതാക്കൾക്കെതിരെ നടപടി എടുത്തിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ എന്നാണ് സൂചന.