സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് ഓണറേറിയം ലഭിച്ചില്ലെന്ന് പരാതി

Jaihind News Bureau
Friday, April 10, 2020

സർക്കാർ സ്‌കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാർക്ക് ഫെബ്രുവരി മാർച്ച് മാസങ്ങളിലെ ഓണറേറിയം കൃത്യമായി ലഭിച്ചില്ല എന്ന പരാതിയുമായി അധ്യാപകർ രംഗത്തെത്തി . കൊവിഡ് മൂലം സ്കൂളുകൾ അടച്ചതോടെ എയ്ഡഡ് സ്കൂളിലെ പ്രീ പ്രൈമറി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ തുച്ഛമായ വേതനവും ലഭിക്കാതായതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്.

2012 ഓഗസ്റ്റിന് മുമ്പ് സർക്കാർ സർവീസിൽ ജോലി ലഭിച്ച പ്രീ പ്രൈമറി ജീവനക്കാർക്ക് മാത്രമാണ് ഓണറേറിയം ലഭിക്കുന്നത്. അധ്യാപകർക്ക് 11,000 രൂപയും ആയമാർക്ക് 6,500 രൂപയുമാണ് ഓണറേറിയം. എന്നാൽ 2012 ഓഗസ്റ്റിന് ശേഷം സർക്കാർ എയ്ഡഡ് മേഖലയിൽ ജോലി ലഭിച്ചവർക്ക് ഓണറേറിയം ലഭ്യമാകുന്നില്ല. പി.ടി.എ നൽകുന്ന തുഛമായ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഓണറേറിയം ലഭ്യമാകുന്ന ജീവനക്കാർക്ക് ഫെബ്രുവരി മാസത്തിൽ മുഴുവൻ തുകയും നൽകിയിട്ടില്ല എന്ന പരാതിയുമായി അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്കൂളുകൾ അടച്ചു. എയ്ഡഡ് ഗവണ്‍മെന്‍റ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാരും ഇതോടെ പ്രതിസന്ധിയിലായി. ലോക്ക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന കരുണയും സ്നേഹവും തങ്ങളോടും കാണിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.