V.D SATHEESAN| ‘അമ്പലങ്ങള്‍ കൊള്ളയടിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി; അവര്‍ക്കെതിരായുള്ള പോരാട്ടമാണ് വിശ്വാസ സംരക്ഷണ യാത്ര’-വി.ഡി സതീശന്‍

Jaihind News Bureau
Tuesday, October 14, 2025

ഒന്നാം പ്രതിയായ ഉണ്ണി കൃഷ്ണന്‍ പോറ്റിയെ രക്ഷിക്കുകയാണ് ചെയ്തതെന്നും പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വ്യാജന്‍ ഉണ്ടാക്കി കൊണ്ടു പോകാന്‍ ഭരിക്കുന്നവര്‍ കൂട്ടുനിന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണം പൂശിയ പാളി കൊടുക്കുമ്പോള്‍ ചെമ്പ് പാളി എന്ന് എഴുതി വെച്ചിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ എന്ത് കൊണ്ട് കടകംപള്ളി മാനനഷ്ടകേസ് കൊടുത്തില്ല. തനിക്കെതിരെ വന്ന കേസ് നേരിടുമെന്നും അയ്യപ്പന്റെ സ്വര്‍ണ്ണം എവിടെയാണെന്ന് കടകംപള്ളി പറയണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കളവ് നടന്നത് അറിഞ്ഞ് കൊണ്ട് തന്നെയാണ് രണ്ടാമതും സ്വര്‍ണ്ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുക്കാന്‍ പോയത്. പക്ഷെ അതിന് അയ്യപ്പന്‍ സമ്മതിച്ചില്ല. ദേവസ്വം ബോര്‍ഡിലെ സിപിഎം യൂണിയനാണ് ഇതിന്റെ പിറകിലെന്നും അദ്ദേഹം ആരോപിച്ചു. ഇതേ ടീമാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന്നാന പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചത്. അത് ഭക്തര്‍ തടഞ്ഞു. തോല്‍വി ഉറപ്പായപ്പോഴുള്ള വിഭ്രാന്തിയാണ് സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവുകള്‍. ദേവസ്വം മന്ത്രി രാജിവെക്കണം. ദേവസ്വം ബോര്‍ഡ് പിരിച്ച് വിടണം. അമ്പലങ്ങള്‍ കൊള്ളയടിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അവര്‍ക്കെതിരായുള്ള പോരാട്ടമാണ് വിശ്വാസ സംരക്ഷണ യാത്രയെന്നും അദ്ദേഹം പറഞ്ഞു.