ANIL AKKARA| കസ്റ്റഡി മര്‍ദനങ്ങളില്‍ കമ്മീഷണര്‍ നടപടിയെടുത്തില്ല; തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര

Jaihind News Bureau
Sunday, September 7, 2025

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കുന്നംകുളം, പീച്ചി പോലീസ് സ്റ്റേഷനുകളില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കമ്മീഷണര്‍ നടപടിയെടുത്തില്ലെന്നും, തൃശ്ശൂര്‍ പൂരം വിഷയത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു. ഈ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഐപിഎസിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

അങ്കിത് അശോകന്‍ കമ്മീഷണറായിരുന്ന കാലഘട്ടത്തിലാണ് കുന്നംകുളം, പീച്ചി പോലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ നടന്നത്. ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും കമ്മീഷണര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ല. തൃശ്ശൂര്‍ പൂരം കലക്കല്‍ വിഷയത്തിലും അങ്കിത് അശോകന് പങ്കുണ്ടായിരുന്നു. ഈ പ്രശ്‌നത്തില്‍ കമ്മീഷണര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. മുന്‍ എഡിജിപി എം.ആര്‍. അജിത്കുമാറാണ് അങ്കിത് അശോകന്റെ സംരക്ഷകന്‍. അജിത്കുമാറിന്റെ താല്‍പര്യപ്രകാരമാണ് പൂരം പ്രശ്‌നത്തില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

അങ്കിത് അശോകന്‍ കമ്മീഷണറായിരുന്ന കാലഘട്ടത്തില്‍ സിറ്റി പോലീസ് സ്റ്റേഷനുകളിലെ പ്രശ്‌നങ്ങളില്‍ ലഭിച്ച മുഴുവന്‍ പരാതികളും, അതില്‍ സ്വീകരിച്ച നടപടികളുടെ ഫയലുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര ഡിജിപിക്ക് കത്ത് നല്‍കി. അനില്‍ അക്കരയുടെ ഈ വെളിപ്പെടുത്തലുകള്‍ തൃശ്ശൂരിലെ പോലീസ് ഭരണത്തിനെതിരെ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. വിഷയത്തില്‍ ഡിജിപി എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.