ലൈഫിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു ; നിർണായക മൊഴി ഇ.ഡിക്ക്

Jaihind News Bureau
Sunday, November 1, 2020

 

വടക്കാഞ്ചേരിയിലെ ലൈഫ് ഭവനപദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നുവെന്ന നിർണ്ണായക മൊഴി ഇ.ഡിക്ക് ലഭിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ലൈഫ് പദ്ധതി സി.ഇ.ഒ യു.വി ജോസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് നിർണ്ണായക വിരങ്ങൾ ലഭിച്ചത്.

ലൈഫ് പദ്ധതി സി.ഇ.ഒ യു.വി ജോസ്, എം ശിവശങ്കർ, യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവരെ ഒരുമിച്ചിരുത്തിയാണ് ഇന്നലെ കൊച്ചി ഇ.ഡി ഓഫീസിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നെന്നും മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണ് നിർമാണ പ്രവൃത്തികൾ ഓരോ ഘട്ടത്തിലും മുന്നോട്ട് പോയതെന്നും ചോദ്യം ചെയ്യലിൽ ഇ.ഡിക്ക് വ്യക്തമായതായാണ് വിവരം. പദ്ധതിക്ക് ഫണ്ട് ലഭിച്ചത് മുതലുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും നവീന മാതൃകയിലുള്ള നിർമ്മാണത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നതായും എം ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്.ഇതോടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദമാണ് പൊളിയുന്നത്.

യു. എ. ഇ കോൺസുലേറ്റിന്‍റെ സഹായം തേടിയതും വിദേശ ഫണ്ട് എത്തിയതടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിക്കറിയാമായിരുന്നെന്ന് ശിവശങ്കർ നേരത്തെ നൽകിയ മൊഴി ഇന്നലെയും ആവർത്തിച്ചതായാണ് വിവരം. പദ്ധതി നടത്തിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരുന്നതായി പദ്ധതി സി.ഇ.ഒ യു.വി ജോസും മൊഴി നൽകി. കരാറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സന്തോഷ് ഈപ്പനും വിശദീകരിച്ചു. കമ്മീഷൻ നൽകിയ കാര്യങ്ങളും സന്തോഷ് ഈപ്പൻ വിശദീകരിച്ചു. കമ്മീഷൻ പണം സ്വപ്നയാണ് കൈപ്പറ്റിയതെന്ന് ശിവശങ്കറും സമ്മതിച്ചു. ഇവരുടെ മൊഴി പുറത്തായതോടെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ എല്ലാം പൂർണ്ണമായും കളവാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.