മുഖ്യമന്ത്രിയുടെ നിലപാട് പുനഃപരിശോധിക്കണം, തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു; പോരാട്ടം തുടരും, മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി. അന്‍വര്‍

 

മലപ്പുറം: പോലീസിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പി.വി. അൻവർ എംഎൽഎ. താൻ ഉന്നയിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണകൾ മാറുമ്പോൾ  നിലപാടിലും മാറ്റം വരും. മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങളൊക്കെ പോലീസ് കൊടുത്ത റിപ്പോർട്ട് പരിശോധിച്ചാണ്. അദ്ദേഹം തന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് അഭ്യർഥിക്കുന്നതെന്നും അൻവർ പറഞ്ഞു.

പോലീസിലെ ക്രിമിനലുകളാണ് നല്ലവരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരുപാട് ഉദ്യോഗസ്ഥരുണ്ട്. തെറ്റു ചെയ്തിട്ടില്ലെങ്കിൽ എസ്പി സുജിത് ദാസ് കാലുപിടിച്ചത് എന്തിനാണെന്നും അൻവർ ചോദിച്ചു. മരം മുറിക്കേസിൽ അന്വേഷണം തുടരട്ടെ എന്നായിരുന്നു തന്‍റെ മറുപടി. അപ്പോഴും സുജിത് ദാസ് കാലുപിടിക്കുന്നത് തുടർന്നുവെന്നും അൻവർ പറഞ്ഞു

ഫോൺ ചോർത്തിയത് തെറ്റു തന്നെയാണെന്നും  എന്നാൽ ഇങ്ങനെയും ചില കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ആ ഫോൺ ചോർത്തൽ ആണ് സഹായിച്ചതെന്നും അൻവർ വ്യക്തമാക്കി. താൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാനുള്ള ഏക തെളിവാണ് ഈ ഫോൺ ചോർത്തൽ. തെറ്റു ചെയ്തിട്ടില്ലെങ്കിൽ സ്വർണക്കടത്ത് പ്രതികളെ മഹത്വവൽകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതും തെറ്റിദ്ധാരണ മൂലമാണ്. ​മുഖ്യമന്ത്രി ഇക്കാര്യങ്ങളെല്ലാം വ്യക്തിപരമായി പഠിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.

Comments (0)
Add Comment